കൊല്ലം: വാഹനാപകടത്തിന് ഇടയാക്കിയ വനിതാ കാർ ഡ്രൈവർക്ക് ഒമ്പത് മാസം തടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയണിവേലിക്കുളങ്ങര വില്ലേജിൽ കോഴിക്കോട് മേക്ക് മുറിയിൽ പോച്ചയിൽ വീട്ടിൽ അഖിലയെ കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി -4 ജഡ്ജി എസ്. ശ്രീരാജാണ് ശിക്ഷിച്ചത്. പിഴ തുകയിൽ 50,000 രൂപ അപകടത്തിൽ മരിച്ച ബാലന്റെ മാതാപിതാക്കൾക്ക് കൈമാറണമെന്നാണ് വിധി.
2019 ആഗസ്റ്റ് 18ന് വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളി കരോട്ട് മുക്കിൽ നിന്ന് എസ്.വി മാർക്കറ്റ് ജംഗ്ഷനിലേക്ക് പോയ കാർ എസ്.വി മാർക്കറ്റ് ജംഗ്ഷനടുത്ത് വച്ച് സൈക്കിളിൽ വന്ന അലൻ ദേവ് രാജ് എന്ന പതിനാല് വയസുകാരനെ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം കുട്ടി മരിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധിയുണ്ടായത്. അന്നത്തെ കരുനാഗപ്പള്ളി ഇൻസ്പെക്ടറായിരുന്ന വൈ. മുഹമ്മദ് ഷാഫി രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ തുടർന്ന് ഇൻസ്പെക്ടറായിരുന്ന മഞ്ചുലാൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര ഹാജരായി.