കൊട്ടാരക്കര : കല്ലടയാറിന് കുറുകെയുള്ള കുളക്കട ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമ്മാണത്തിന് ഗതിവേഗം. എം.സി റോഡിലെ ഏനാത്ത് പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. പത്തനംതിട്ട- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കൊല്ലം ജില്ലയിലെ താഴത്ത് കുളക്കട ഭാഗത്ത് എത്താൻ ഇനി മീറ്ററുകളുടെ മാത്രം പണിയാണ് ശേഷിക്കുന്നത്. ആറ്റിലെ അവസാന ബീമിന്റെ പണി പൂർത്തിയാക്കി. പാലത്തിന് വെള്ളത്തിൽ 3 തൂണും ഇരുകരയിലുമായി 2 തൂണുമാണുള്ളത്. ഇതിൽ മണ്ണടി ഭാഗത്തെ തൂണുകളെല്ലാം നിർമ്മിച്ച് ബീമുകളും വാർത്തു കഴിഞ്ഞു.
കടത്തു കടന്ന കാലം
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ താഴത്തുകുളക്കട - മണ്ണടി പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പാലമാണിത്. വർഷങ്ങളായി അക്കരെയിക്കരെ പോകാൻ ഇവിടെ കടത്തു വഴിയാണുണ്ടായിരുന്നത്. മണ്ണടി, കടമ്പനാട് ചന്തകളിൽ കുളക്കട ഭാഗത്തെ നിരവധി കർഷകർ കടത്തു വഴി കച്ചവടത്തിനും സാധനം വാങ്ങാനും എത്തിയിരുന്നു. പക്ഷേ പിന്നീട് കടത്ത് കയറി വരാൻ ആളുകൾ മടിച്ചതോടെ ചന്തകളിലേക്ക് വരവും നിലച്ചു. പാലം പണി പൂർത്തിയാകുന്നതോടെ രണ്ടുഗ്രാമം തമ്മിൽ കൂടുതൽ ബന്ധപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാവുക.
എം.എൽ.എയുടെ ശ്രമ ഫലം
കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റിയുടെ ശ്രമഫലമായാണ് പാലം സർക്കാർ അനുവദിച്ചത്. 130.70 മീറ്റർ നീളവും 7.5 മീറ്റർ കാരേജ് വേയും ഇരുവശത്തുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും ഉള്ള പാലമാണ് വരുന്നത്. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലെ റോഡുകളും വരും. 10.32 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡിന്റെ പ്രാരംഭ പണി മണ്ണടി ഭാഗത്ത് നടന്നിരുന്നു.
ഏനാത്ത് പാലത്തിന് ബദൽ
മുൻപ് രണ്ടുതവണ ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ എം. സി റോഡിൽ വലിയ ഗതാഗത പ്രശ്നങ്ങൾ ഉണ്ടായി. താത്ക്കാലിക ബെയ്ലി പാലവും നിർമ്മിച്ചിരുന്നു. വലിയ വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ഇരുവശത്തേക്കും സഞ്ചരിച്ചിരുന്നത്. ഏനാത്ത് പാലത്തിൽ ഗതാഗതം സ്തംഭിച്ചാൽ വാഹനങ്ങൾക്ക് ഇനി ചെട്ടിയാരഴികത്ത് പാലം വഴി കടന്നുപോകാനാകും. വലിയ പ്രതീക്ഷയോടെയാണ് പാലം നിർമ്മാണം പൂർത്തിയാക്കുന്നത് നാട് കാത്തിരിക്കുന്നത്.