കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് വർണശബളമായ തുടക്കം. കൊല്ലം സെന്റ് ജോസഫ് കോൺവെന്റിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ആശ്രാമം മൈതാനത്ത് എത്തിയതിന് പിന്നാലെ മന്ത്രി കെ.എൻ. ബാലഗോപാൽ ആഘോഷ പരിപാടികൾക്കും പ്രദർശന വിപണ മേളയ്ക്കും തിരിതെളിച്ചു.
ആരു വിചാരിച്ചാലും ജനങ്ങളെ സർക്കാരിന് എതിരാക്കാൻ കഴിയില്ലെന്നും ജനങ്ങൾക്കൊപ്പം ചേർന്ന് വികസനവുമായി മുന്നോട്ട് പോകുമെന്നും ബാലഗോപാൽ പറഞ്ഞു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ വികസനം കൂടുതൽ ശക്തിയോടെ ഈ സർക്കാർ മുന്നോട്ട് കൊണ്ടുപോകും. ദേശീയ - അന്തർദേശീയ ഏജൻസികളെല്ലാം കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായാണ് വിലയിരുത്തുന്നത്.
ഭക്ഷ്യ ഉല്പാദനം, ക്ഷേമപ്രവർത്തനം, തൊഴിൽ അവസരങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മുന്നോട്ട് പോകാനായെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ് , മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, കളക്ടർ അഫ്‌സാന പർവീൺ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ.യൂസഫ്, എ.ഡി.എം എൻ. സാജിത ബീഗം, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ കുന്നത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ കലാനൃത്തരൂപങ്ങൾ കോർത്തിണക്കിയ
'ഇന്ത്യൻ ഗ്രാമോത്സവ്' പരിപാടിയും അരങ്ങേറി. മിഥുൻ ജയരാജിന്റെ സംഗീത വിരുന്നോടെയാണ് ആദ്യ ദിന കലാപരിപാടികൾ സമാപിച്ചത്.