കുന്നിക്കോട് : വിളക്കുടി വില്ലേജ് ഓഫീസിൽ ആവശ്യക്കാർക്കുള്ള സേവനങ്ങൾ നൽകാൻ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് തിരിച്ചടിയാകുന്നു. ദിവസങ്ങൾക്കകം ലഭിക്കേണ്ട മിക്ക സർട്ടിഫിക്കേറ്റുകളും ആഴ്ചകളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നത്.വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഏക വില്ലേജ് ഓഫീസാണ് ഇളമ്പലിലുള്ളത്. നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഈ വില്ലേജ് ഓഫീസിൽ ദിവസവും എത്തുന്നത്.വില്ലേജ് ഓഫീസറിനെ കൂടാതെ നാല് ജീവനക്കാരാണ് ഇവിടുള്ളത്. അതിൽ രണ്ട് പേർ ഓൺലൈൻ സംവിധാനം ആക്കുന്നതിന്റെ ഭാഗമായി രേഖകൾ ഡിജിറ്റലാക്കാനുള്ള ജോലിയിലാണ്. ഒരാൾ അടുത്ത മാസം 8 വരെ മുൻകൂട്ടി നൽകിയ അവിധിയിലാണ്. ഫലത്തിൽ ഒരാൾ മാത്രമാണ് ജോലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ആ ഉദ്യോഗസ്ഥനും ചില അത്യാവശ്യ സ്വകാര്യആവശ്യങ്ങൾക്ക് അവധിയിലുമാണ്.
ആഴ്ചകൾക്ക് മുമ്പേ അപേക്ഷ നൽകിയിട്ടും നടപടിയില്ല
ഇന്നലെ വില്ലേജ് ഓഫീസർ മാത്രമാണ് ജോലിക്ക് എത്തിയത്. എന്നാൽ നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇന്നലെ എത്തിയത്. ഉദ്യോഗസ്ഥരില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചതിനെ തുടർന്ന് ജനങ്ങൾ പ്രകോപിതരായി. അത് വാക്കേറ്റത്തിലും തർക്കങ്ങളിലും കലാശിച്ചു. വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. അടിയന്തരമായി മറ്റ് ഓഫിസുകളിൽ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് അഴ്ചകൾക്ക് മുമ്പ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.
താത്ക്കാലിക പരിഹാരം
ജനങ്ങൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് വാർഡംഗം ആശ ബിജു വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസർ സുധീന്ദ്രനെ വിഷയത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി. തുടർന്ന് പത്തനാപുരം തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസിൽ നിന്ന് താത്ക്കാലികമായി ഒരു ഉദ്യോഗസ്ഥനെ വിളക്കുടി വില്ലേജ് ഓഫീസിലേക്ക് അയച്ചു. ഉച്ചക്ക് 1 മണിയോടെ ഉദ്യോഗസ്ഥനെത്തിയാണ് ജനങ്ങൾക്ക് നൽകാനുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ ആരംഭിച്ചത്. ഇതിനിടെ ചിലർ കാത്ത് നിന്ന് മടുത്ത് തിരികെ പോയി. മാസങ്ങൾക്ക് മുമ്പ് തന്നെ വില്ലേജ് ഓഫീസിലെ ജോലി കൂടുതലും അതനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ കുറവും സൂചിപ്പിച്ച് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. പക്ഷേ നടപടിയുണ്ടായില്ല.