photo
കന്നേറ്റിയിൽ പ്രവർത്തിക്കുന്ന ഡി.ടി.പി.സി യുടെ വിനോദ സഞ്ചാര കേ്രം.

കരുനാഗപ്പള്ളി: കൊവിഡ് നിയന്ത്രണ വിധേയമായി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെങ്കിലും ശ്രീനാരായണ ഗുരു കന്നേറ്റി ബോട്ട് ടെർമിനൽ ഇപ്പോഴും സഞ്ചാരികൾക്ക് തുറന്ന് കൊടുത്തിട്ടില്ല. കൊവിഡിനെ തുടർന്ന് നിറുത്തി വെച്ച വിനോദ സഞ്ചാരം പുനരാരംഭിക്കാനുള്ള നടപടികളൊന്നും ഡി.ടി.പി.സി യുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതാണ് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നത്. കൊവിഡിനെ തുടർന്ന് കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് ഡി.ടി.പി.സി തിരിച്ചെടുത്ത ഹൗസ് ബോട്ടുകൾ ഒന്നും തിരികെ നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രണ്ട് ഹൗസ് ബോട്ടുകളും ഒരു സഫാരി ബോട്ടും ഒരു സ്പീഡ് ബോട്ടുമാണ് ഇവിടെ ഉണ്ടായിരുന്നത്.

പ്രവർത്തനം ഓഫീസിൽ മാത്രം

4 വർഷം മുമ്പാണ് കന്നേറ്റി കേന്ദ്രീകരിച്ച് ഡി.ടി.പി.സി യുടെ നിയന്ത്രണത്തിൽ വിനോദ സഞ്ചാര കേന്ദ്രം ആരംഭിച്ചത്. ഇടക്കനാൽ ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ളതാണ് ഈ പ്രദേശം. കായലിന്റെ വശങ്ങളിലുള്ള കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന വീതി മാത്രമാണ് പള്ളിക്കലാറിനും പശ്ചിതിമതീര കനാലിനും ഉള്ളത്. വിദേശികളും സ്വദേശികളുമായി ധാരാളം സഞ്ചാരികൾ ഇവിടെ ദിനം പ്രതി എത്തുമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രം ലാഭത്തിൽ പ്രവർത്തിച്ച് മുന്നേറുമ്പോഴാണ് കൊവിഡ് എല്ലാ മേഖലകളിലും പിടിമുറുക്കിയത്. ഇതേ തുടർന്ന് കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനം ഓഫീസിൽ മാത്രമായി ചുരുങ്ങി.

ഹൗസ് ബോട്ടുകൾ എന്ന് കിട്ടും

കൊവിഡ് പിൻവാങ്ങിയതോടെ സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പുത്തൻ പാക്കേജുകളുമായി മുന്നോട്ട് പോയി തുടങ്ങി. ഡി.ടി.പി.സി ഇപ്പോഴും അനങ്ങാപ്പാറ നയമാണ് പിൻതുടരുന്നത്. വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും അറ്റകുറ്രപ്പണികൾക്കായി കൊണ്ടുപോയ ഹൗസ് ബോട്ടുകൾ ഇപ്പോഴും അഷ്ടമുടി കായലിലെ യാർഡിൽ കിടക്കുകയാണ്. ഇവിടെ നിന്ന് ബോട്ടുകൾക്ക് എന്നത്തേക്ക് ശരിയാക്കി കിട്ടുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല. ലോക തീർത്ഥാടന കേന്ദ്രമായ മാതാ അമൃതാനന്ദമയി മഠം കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പരിധിയിലാണ്.

വിനോദ സഞ്ചാര പാക്കേജ്

ഡി.ടി.പി.സി കരുനാഗപ്പള്ളി നഗരസഭയുമായി ചേർന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കാരിക്കാവുന്നതാണ്. കന്നേറ്റി ടെർമിനലിൽ നിന്ന് മാലുമാൽക്കടവ്, ചാമ്പക്കടവ്, കൊതിമുക്ക് വട്ടക്കായൽ, ആലുംകടവ് ഗ്രീൻചാനൽ, വള്ളിക്കാവ് അമൃതപുരി, ആയിരംതെങ്ങ് പാലം, കായംകുളം മത്സ്യബന്ധന തുറമുഖം, അഴീക്കൽ - വലിയഴീക്കൽ. പാലം, അഴീക്കൽ ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പാക്കേജ് തയ്യാറാക്കിയാൽ വിനോദ സഞ്ചാരികൾ കന്നേറ്റി ശ്രീനാരായണ ഗുരു ബോട്ട് ടെർമിനലിൽ എത്തിച്ചേരുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.