കൊല്ലം: മേടച്ചൂടിന്റെ തീക്ഷ്ണതയിൽ തിളച്ചിരുന്നവർക്ക് കുളിരായി ലളിത സംഗീതം പെയ്തിറങ്ങി. കേട്ടുതഴമ്പിച്ചതും പുതിയവയുമൊക്കെയാണ് കുമാരിമാർ പാടിനിറച്ചത്.
ഉച്ചഭാഷിണി പണിമുടക്കിയതിനാൽ നാല് പാട്ടിന് ശേഷം മണിക്കൂറുകളുടെ ഇടവേളയുണ്ടായെങ്കിലും പിന്നീട് പാട്ടുപെട്ടി തുറന്നപ്പോൾ വിരസത മാറി. ഒന്നിനൊന്ന് മെച്ചമുള്ളതായിരുന്നു ലളിതഗാനമെന്ന് ആസ്വാദകരും വിധിയെഴുതി. ആളെണ്ണം കൂടിയതിനാൽ തിരശീല താഴ്ത്താൻ സന്ധ്യ മയങ്ങി. കാര്യവട്ടം കാമ്പസിലെ ജി.എൽ. അമൃതാംബിക 'ഒന്നിനി ശ്രുതി താഴ്ത്തി, പാടുക പൂങ്കുയിലേ..." പാടിയപ്പോൾ സദസ് ഏറ്റുപാടി. കൊല്ലം എസ്.എൻ വിമൻസ് കോളേജിലെത്തിയ ജനം കാതും മനവും സംഗീതമധുരം നിറച്ചാണ് മടങ്ങിയത്.
ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ഒരാൾ മാത്രമാണ് ലളിതഗാന മത്സരത്തിനെത്തിയത്. പെൺകുട്ടികളുടെ മത്സരം നീണ്ടതിനാൽ ആൺകുട്ടികൾക്ക് വേദിയിൽ കയറാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു.