photo

കൊല്ലം: സിനിമയ്ക്കുവേണ്ടി പാടിയതിന്റെ സന്തോഷത്തിലാണ് സ്വാതി വിജയൻ കലാനഗരിയിലെത്തിയത്. ഡോ. മായ സംവിധാനം ചെയ്യുന്ന 'ഇപ്പോൾ കിട്ടിയ വാർത്ത' സിനിമയിൽ രണ്ടുപാട്ടുകളാണ് സ്വാതി പാടിയത്. മഞ്ജുവാര്യർ അതിഥിതാരമായെത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പിന്നണി ഗായികപ്പട്ടം കാത്തിരിക്കുകയാണ് മാവേലിക്കര ബിഷപ് മൂർ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സ്വാതി വിജയൻ.

കടുത്ത മത്സരം നടന്ന വേദിയിൽ സ്വാതിയുടെ പാട്ടിനും സദസ് കാത് കൂർപ്പിച്ചു. "ശിവകാമി പാടുന്നു, ശരതന്ത്രി മീട്ടി, ശിലപോലും അലിയുന്ന ഗാനം..."- സ്വാതിയുടെ ഗാനം കുളിർമഴയായി. പാടിനിറുത്തിയപ്പോൾ നിറുത്താതെ കൈയടി. സ്കൂൾ കലോത്സവങ്ങളിൽ അഞ്ചുവർഷം സമ്മാനം നേടിയിട്ടുള്ള സ്വാതി കഴിഞ്ഞ സർവകലാശാല കലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗതത്തിനും രണ്ടാം സ്ഥാനം നേടിയിരുന്നു.

അന്ന് പാടിയ പാട്ടാണ് ഇന്നലെയും പാടിയതും. സ്റ്റാർ സിംഗർ ഫെയിമായ സ്വാതി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്. 'സ്വാതി സംഗീതം' എന്ന പേരിലാണ് പൊതുവേദികളിൽ എത്തുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടി പാടിയിട്ടുണ്ട്. മൂന്നര വയസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്. അടൂർ പി. സുദർശനനാണ് ഇപ്പോഴത്തെ ഗുരു. ഈജിപ്റ്റിൽ ജോലി ചെയ്യുന്ന ഹരിപ്പാട് മാളിയേക്കൽ ഹൗസിൽ വിജയന്റെയും സിന്ധുവിന്റെയും ഏക മകളാണ് സംഗീതലോകത്തെ പ്രതീക്ഷയായ സ്വാതി വിജയൻ.