phot
ദേശിയ പാതയോരത്ത് അപകട ഭീക്ഷണി ഉയർത്തി നിൽക്കുന്നന കാല പഴക്കം ചെന്ന കൂറ്റൻ മരം .

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ കൂറ്റൻ മരങ്ങൾ അപകട ഭിഷണിയാകുന്നു. വാഹന യാത്രക്കാരും പാതയോരത്തെ താമസക്കാരും ഭീതിയിലാണ്. കലയനാട് മുതൽ കോട്ടവാസൽ വരെയുള്ള വഴിവക്കിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ നിൽക്കുന്നത്. രണ്ട് വർഷംമുമ്പ് കുറേ മരങ്ങൾ അധികൃതർ മുറിച്ചു നീക്കിയിരുന്നു. ശേഷിക്കുന്ന 100ഓളം മരങ്ങളാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. കഴിഞ്ഞ ആഴ്ചയിലടക്കം പുനലൂരിൽ ചേർന്ന താലൂക്ക് സഭകളിലും മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ പെയ്യുന്ന വേനൽ മഴയിലും കാറ്റിലും പാതയോരത്ത് നിൽക്കുന്ന മര ശിഖിരങ്ങൾ അടർന്ന് വീഴുന്നത് പുറമ്പോക്ക് നിവാസികളെ ആശങ്കയിലാക്കുകയാണ്.

പുറമ്പോക്ക് നിവാസികൾ ആശങ്കയിൽ

1000ത്തോളം കുടുംബങ്ങളാണ് നൂറ്റാണ്ടുകളായി ദേശീയ പാതയോരത്ത് കുടിൽ കെട്ടി താമസിച്ചു വരുന്നുത്. കഴിഞ്ഞ വർഷം പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞ് വീണ് നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. ഇലക്ട്രിക് പോസ്റ്റുകളും കമ്പികളും തകർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് സംഭവിച്ചത്. ഒരുമാസം കഴിയുമ്പോൾ വീണ്ടും കാലവർഷം ആരംഭിക്കും. ഇതിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങൾ കടപുഴകി പുറമ്പോക്ക് നിവാസികളുടെ വീടുകൾക്ക് മുകളിൽ വീഴാനുളള സാദ്ധ്യതയുമുണ്ട്.

അധികൃതർ ഇടപെടുന്നില്ല

വെള്ളിമല , തണ്ണിവളവ്, കമ്പനിക്കട, യു.പി.എസ്, എൽ.പി.എസ് ജംഗ്ഷനുകൾ, കുന്നുംപുറം, ഇടമൺ 34, സബ് സ്റ്റേഷൻ ജംഗ്ഷൻ, അണ്ടൂർപച്ച, ഉറുകുന്നു,ഒറ്റക്കൽ, തെന്മല,13കണ്ണറ, ഇടപ്പാളയം ,ആര്യങ്കാവ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് മരുതി, തേക്ക്, ആഞ്ഞിലി,പാല, ആൽ മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളാണ് പാതയിലേക്ക് ചാഞ്ഞു നിൽക്കുന്നത്. അഞ്ച് വർഷം മുമ്പ് അണ്ടൂർപച്ച വഴി ബൈക്കിൽ പോയ വിമുക്ത ഭടന്റെ മുകളിൽ മരം ശിഖിരം ഒടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് മുതലാണ് കാലപ്പഴക്കം ചെന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായത്.വനം വകുപ്പാണ് മരങ്ങൾ മുറിച്ച് മാറ്റേണ്ടത്.എന്നാൽ ഈ അപകടഭീഷണിയും നാട്ടുകാരുടെ ആശങ്കയും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.