കൊട്ടാരക്കര: കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്ന് പള്ളിക്കൽ പെരുങ്കുളം വാളക്കോട് മുക്ക് ഇഞ്ചക്കാട് ശിൽപ്പ ജംഗ്ഷൻ വഴി അടൂരേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മന്ത്രി കെ.എൻ. ബാലഗോപാലിനും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി. ഇഞ്ചക്കാട് സിംഫണി വാട്ട്സ് ആപ്പ് കൂട്ടായ്മയും നിവേദനം സമർപ്പിച്ചിട്ടുണ്ട്. പള്ളിക്കൽ, ആലുംചേരി, പെരുങ്കുളം സ്കൂൾ ജംഗ്ഷൻ , വാളക്കോട് മുക്ക്, കാഞ്ഞിരംവിള ഭാഗം, ഇരമത്തുമുക്ക്, തുടങ്ങിയ പ്രദേശത്തുളളവർക്ക് പ്രധാന ടൗണായ അടൂരോ കൊട്ടാരക്കരക്കോ എത്തിച്ചേരാനുള്ള പ്രധാന യാത്രാ സൗകര്യമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തലാക്കിയിട്ട് നാളുകളേറെയായി.പെരുങ്കുളം വാളക്കോട് ജംഗ്ഷൻ മുതൽ ഇഞ്ചക്കാട് ശിൽപ്പ ജംഗ്ഷൻ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്നാണ് മുൻപ് ബസ് സർവീസുകൾ നിറുത്തിവച്ചത്. എന്നാൽ ഇപ്പോൾ ഈ റോഡ് എം.സി റോഡിന്റെ നിലവാരത്തിൽ നവീകരിച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഈ അവസ്ഥയിൽ പ്രദേശവാസികളുടെ യാത്രാ ക്ളേശം പരിഹരിക്കുന്നതിന് ബസ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.