കൊട്ടാരക്കര : പുത്തൂരിലെ മുത്തശ്ശി വിദ്യാലയം കൂടുതൽ ഹൈടെക് ആകുന്നു.
ഹൈടെക് വിദ്യാലയങ്ങൾ ക്കിടയിൽ ഒരു പടികൂടി കടക്കുകയാണ് പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ.3.23കോടി രൂപയുടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്കൂളിൽ ഉടൻ ആരംഭിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 1.80 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സമീപകാലത്ത് കഴിഞ്ഞിരുന്നു. 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സംസ്ഥാനത്തെ ഗവ. സ്കൂളുകളിൽ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 3 കോടി രൂപ അടങ്കൽ തുകയുള്ള പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ആധുനിക സംവിധാനങ്ങൾ
ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഡിറ്റോറിയം, എൽ.പി, യു.പി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ലാബുകൾ, ഹൈടെക് ക്ലാസ് മുറികൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആധുനിക പാചകപ്പുര എന്നിവ അടങ്ങിയതാണ് പുതിയ മൂന്നുനില മന്ദിരം. എസ്. എസ്. കെ ഫണ്ടിൽ നിന്ന് കൊല്ലം ജില്ലയിൽ അനുവദിച്ച രണ്ട് ടിങ്കറിംഗ് ലാബുകളിൽ ഒന്ന് പുത്തൂർ സ്കൂളിലാണ്. ശാസ്ത്രരംഗത്തെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അന്വേഷണാത്മക പഠനത്തിന് അവസരം നൽകുന്നതിനും വേണ്ടി റോബോട്ടിക്സ്, സെൻസർ ടെക്നോളജി, കോഡിംഗ് എന്നിവയിലൂടെ കുട്ടികളിൽ ശാസ്ത്രസാങ്കേതിക ചിന്ത വളർത്തുകയാണ് 10 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ആരംഭിക്കുന്ന പുതിയ ടിങ്കറിംഗ് ലാബിന്റെ ഉദ്ദേശ്യം. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാർസിന്റെ ഭാഗമായി സംസ്ഥാനത്ത് 70 സ്കൂളുകളിൽ ആരംഭിക്കുന്ന വെർച്വൽ റിയാലിറ്റി ലാബ് സ്കൂളിലും ലഭ്യമായിട്ടുണ്ട്.
മുഖച്ഛായ മാറും
എസ്.എസ്.കെയുടെ നേതൃത്വത്തിൽ 77000 രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബിൽ ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കി നവീകരിക്കുന്നു. എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷന്റെ ഭാഗമായി ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ഗ്രൗണ്ട് നവീകരണത്തിനും പുതിയ ബോൾ ബാഡ്മിന്റൺ കോർട്ടിനും ബാസ്കറ്റ് ബോൾ കോർട്ടിനും എക്സൈസ് വകുപ്പ് തല അംഗീകാരമായി. കായികരംഗത്തെ ശാക്തീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. കുളക്കട പഞ്ചായത്ത് ശുചിത്വ മിഷന്റെ ഭാഗമായി ഏഴര ലക്ഷം രൂപ അടങ്കൽ തുക നിശ്ചയിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്ന ടോയ്‌ലറ്റ് കോംപ്ലക്സ് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലേക്ക്. നിലവിൽ സജീവമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ആധുനികമായ ലാബുകളോടൊപ്പം ബഹുനില മന്ദിരം കൂടി വരുമ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറും.