bala

കൊല്ലം: ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഒന്നിച്ച് നിറുത്തുന്നത് ഭരണഘടനയെന്ന ശക്തിയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'ദി സിറ്റിസൺ 2022' ഭരണഘടനാ സാക്ഷരത ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനായി. ഭരണഘടനയുടെ മാതൃക ആമുഖ പ്രകാശനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. ഭണഘടനാ മൂല്യങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് ചൊല്ലി നൽകി.
പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ 'ദി സിറ്റിസൺ 2022' വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ പ്രതിജ്ഞ ചൊല്ലി നൽകി. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. ചിന്നക്കട പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസ് മുതൽ സി.കേശവൻ സ്മാരക ടൗൺഹാൾ വരെ വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടത്തി.