കൊല്ലം: നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്, പുതുതായി ആരംഭിച്ച കെ- സ്വിഫ്റ്റ് ബസുകൾക്കായി നടത്തുന്ന ഫീഡർ സർവീസ്. രണ്ടും മൂന്നു യാത്രക്കാരുമായി ഓടുന്ന ഈ ബസുകൾ പ്രതിദിനം വൻ നഷ്ടമാണ് കൊല്ലം ഡിപ്പോയിൽ മാത്രം ഉണ്ടാക്കുന്നത്.
ബൈപ്പാസ് വഴി കടന്നുപോകുന്ന സ്വിഫ്റ്റ് ബസുകളുടെ കൊല്ലം നഗരത്തിലെ സ്റ്റോപ്പ് അയത്തിൽ ജംഗ്ഷനിലാണ്. ഇവിടേക്ക് യാത്രക്കാരെ എത്തിക്കാനും സ്വിഫ്റ്റിൽ എത്തുന്നവരെ കൊല്ലം നഗരഹൃദയത്തിലേക്ക് കൊണ്ടുവരാനുമാണ് ഫീഡർ സർവീസ് അരംഭിച്ചത്. സ്വിഫ്റ്റ് ബസ് അയത്തിലിൽ എത്തുന്ന സമയം കണക്കാക്കിയാണ് ഫീഡർ സർവീസ് കൊല്ലം ഡിപ്പോയിൽ നിന്നു പുറപ്പെടുന്നത്. കൃത്യസമയത്ത് അവിടെ എത്തണമെന്നതിനാൽ മറ്റ് സ്റ്റോപ്പുകളിൽ ഈ ബസുകൾ നിറുത്തില്ല. സർവീസ് നടത്തുന്നത് തിരക്കുള്ള സമയങ്ങളിൽ അല്ലാത്തതിനാൽ ഇടയ്ക്ക് യാത്രക്കാർ കൈ കാട്ടുകയുമില്ല. പലപ്പോഴും ഒന്നും രണ്ടും യാത്രക്കാർ മാത്രമാണ് സ്വിഫ്റ്റിൽ കയറാൻ കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നത്. തിരികെ കയറാനും രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടാകാവൂ.
പ്രത്യേക ഡിസൈനിലുള്ള നാല് ഫീഡർ ബസുകളാണ് കൊല്ലം ഡിപ്പോയ്ക്ക് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം മാത്രമേ ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നുള്ളു. ഈ ബസുകൾക്ക് പല ദിവസങ്ങളിലും 500 രൂപയിൽ താഴെയാണ് ലഭിക്കുന്ന വരുമാനം.
സ്റ്റേഷനും ചോർത്തുന്നു
സ്വിഫ്റ്റ് ബസിലെ യാത്രക്കാർക്ക് വിശ്രമിക്കാൻ അയത്തിൽ ജംഗ്ഷനിൽ ഇരുവശങ്ങളിലും പഴയ ബസുകൾ ഉപയോഗിച്ച് സജ്ജീകരിച്ച ഫീഡർ സ്റ്റേഷനും വലിയ നഷ്ടം സൃഷ്ടിക്കുകയാണ്. ഈ ബസുകളിലെ ലൈറ്റും ഫാനും പ്രവർത്തിപ്പിക്കുന്നത് ജനറേറ്ററിലാണ്. ഇതിനുള്ള ഇന്ധന ഇനത്തിൽ പ്രതിദിനം 2500 രൂപയോളമാണ് ചെലവ്. എന്നാൽ യാത്രക്കാർ ഇതത്ര ഗൗനിക്കുന്നുമില്ല.