കൊട്ടാരക്കര: ഉത്സവ പറമ്പുകളിൽ ജീവിത മാർഗം കണ്ടെത്തുന്ന പരവൂ‌ർ നെടുങ്ങോലം സ്വദേശികളായ ബാബുവും ശ്യാമളയും കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം കൊടിയേറുന്നതിന് രണ്ടുനാൾ മുമ്പ് തന്നെ ക്ഷേത്ര പരിസരത്തെത്തി. ഈറ, മുള ഉത്പ്പന്നങ്ങൾ തയ്യാറാക്കി കച്ചവടം നടത്തിയാണ് ഈ കുടുംബം ജീവിതം നയിച്ചിരുന്നത്. കുട്ട, വട്ടി, മുറം, ചൂല്, പനമ്പായ്, തഴപ്പായ്, തിരുക, വിശറി തുടങ്ങിയ ഉത്പ്പന്നങ്ങൾക്കൊപ്പം ചിരട്ടത്തവി, കോരി എന്നിവയും വിൽപ്പനയ്ക്കെത്തിക്കാറുണ്ട്. പ്ളാസ്റ്റിക് , ഫൈബർ ഉത്പ്പന്നങ്ങൾ സുലഭമാണെങ്കിലും ഇന്നും ഈറ, മുള ഉത്പ്പന്നങ്ങളോട് എല്ലാവ‌ർക്കും വളരെ പ്രിയമുണ്ടെന്ന് ബാബുവും ശ്യാമളയും പറയുന്നു. ഉത്സവ സീസൺ അവസാനിക്കുന്നതോടെ വീണ്ടും പട്ടിണിയിലേക്ക് മടങ്ങുകയാണ് പതിവെന്നും അവർ കൂട്ടിച്ചേർത്തു. ഈറയുടെയും കൈതോലയുടെയും ലഭ്യത കുറവ് പലപ്പോഴും ഇവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്.