പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ രാജചോല എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന വനിത ടാപ്പിംഗ് തൊഴിലാളിയെ ഓടിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ മറിഞ്ഞ് വീണ് തൊഴിലാളിയുടെ ഇടത് കൈ ഒടിഞ്ഞു. രാജചോല എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയായ സ്വതന്ത്രകുമാരിയുടെ(33) കൈയാണ് ഒടിഞ്ഞത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ലയത്തിൽ നിന്ന് റബർ എസ്റ്റേറ്റിലേക്ക് ടാപ്പിംഗിന് നടന്ന് പോകുന്നതിനിടെയാണ് കാട്ടാന ഓടിച്ചത്. നിലവിളിച്ച് കൊണ്ട് ഓടിയ തൊഴിലാളി മറിഞ്ഞു വീഴുകയായിരുന്നു. ബഹളം കേട്ട കാട്ടാന സമീപത്തെ വനത്തിൽ കയറി പോയി. മറ്റ് തൊഴിലാളികൾ എത്തി സ്വതന്ത്ര കുമാരിയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.