photo
അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം.

കരുനാഗപ്പള്ളി: നിയമസഭാ മണ്ഡലത്തിന്റെ പരിധിയൽ വരുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ശേച്യാവസ്ഥക്ക് പരിഹാരമാകുന്നു. കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമായതോടെ കരുനാഗപ്പള്ളി മണ്ഡലത്തിലെ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുമായി 7.75 കോടി രൂപായാണ് അനുവദിച്ചത്.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിനായി ഈ തുക ചെലവഴിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.

ഗ്രാമപാഞ്ചാത്തുകൾ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൂറ് കണക്കിന് രോഗികളാണ് ദിവസേന ചികിത്സ തേടിയെത്തുന്നത്. പി.എച്ച് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാകുന്നതോടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ലഭ്യമാകും. തഴവ, തൊടിയൂർ, കുലശേഖരപുരം,ആലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുമാണ് ഈ തുകയുടെ പ്രയോജനം ലഭിക്കുക. ഓച്ചിറ കമ്മ്യൂണിറ്രി ഹെൽത്ത് സെന്ററിൽ 10 കിടക്കകളോട് കൂടിയ ഐസലേഷൻ വാർഡ് നിർമ്മിക്കുന്നതിനാണ് 1.75 കോടി രൂപ അനുവദിച്ചത്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഒരു കോടി അനുവദിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള സെന്റർ ഏറെ പ്രയോജനപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്കാണ്. മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനമാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ സെന്ററിന്റെ പ്രവർത്തനം വൈകുന്നേരം വരെ നീട്ടാനുള്ള തീരുമാനം ഗ്രാമപഞ്ചായത്തിൽ നിന്ന് ഉണ്ടാകുമെന്ന് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് പറഞ്ഞു.

ക്ലാപ്പന കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു കോടിയും കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു കോടിയും തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് രണ്ട് കോടിയും തഴവാ ഗ്രാമപഞ്ചായത്ത് പി.എച്ച് സെന്ററിന് ഒരു കോടി രൂപയും അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് സി ആർ മഹേഷ് എം.എൽ.എ പറഞ്ഞു.