പെരുമ്പുഴ: മൃഗാശുപത്രി മുക്ക് - കാമ്പിക്കട -കല്ലിംഗൽ -ഈച്ചാടിമുക്ക് റോഡ് നവീകരണം പാതിവഴിയിൽ മുടങ്ങിയതോടെ ജനം ദുരിതത്തിൽ.
മൂന്ന് മാസം മുൻപ് പഴയ റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടുന്ന ജോലികൾ ആരംഭിച്ചിരുന്നു. തുടക്കത്തിൽ മുക്കമില്ലാതെ ജോലികൾ പുരോഗമിച്ചിരുന്നു. പക്ഷേ, ഒരു മാസമായി ഈ റോഡിൽ നവീകരണപ്രവൃത്തികൾ ഒന്നും നടക്കുന്നുമില്ലെന്നു മാത്രമല്ല റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ചെന്ന സംശയവും നാട്ടുകാർക്കുണ്ട്.
കരാറുകാരനേയോ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ കാണാനില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡിൽ ചിലയിടത്ത് ഒന്നാം ഘട്ട ടാറിംഗ് റോഡിന്റെ പാതിഭാഗത്ത് ഒരു ദിശയിലേക്കു മാത്രമാണ്. ഇതിനാൽ ബൈക്ക് യാത്രികർ ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഒരുവശത്തെ ഉയരവ്യത്യാസവും മറുവശത്ത് മെറ്റൽ ചിതറിക്കിടക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിന് ഇരുവശത്തുമുള്ള വീടുകളിലെ വാഹനങ്ങൾ കയറ്റാനും ഇറക്കാനും വളരെയേറേ ബുദ്ധിമുട്ടായിരിക്കുകയാണ്. മാർച്ച് അവസാന ആഴ്ചകളിൽ പകലും രാത്രിയിലും മഴ ഉള്ളപ്പോഴും തകൃതിയായി പണി നടന്നിരുന്നു.റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാടിന്റെ ആവശ്യം.