p
പന്മന ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം പ്രസിഡന്റ്‌ എം ഷെമി നിർവഹിക്കുന്നു

ചവറ : ജല ജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്മന ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച പദ്ധതി പ്രവർത്തന രേഖയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തല ബോധവൽക്കരണവും അടിസ്ഥാന വിവര ശേഖരണത്തിനുള്ള സർവേയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി നിർവഹിച്ചു. പദ്ധതി നിർവഹണ സഹായ എജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടൻ അദ്ധ്യക്ഷ്യത വഹിച്ചു. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി മുഖ്യപ്രഭാഷണം നടത്തി.

സർവേയ്ക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ പ്രസൂൻ മംഗലത്ത് പരിചയപ്പെടുത്തി. ചവറ എം.എസ്.എൻ കോളേജ് വിദ്യാർത്ഥികൾക്കും വാർഡ് തലത്തിൽ തിരഞ്ഞെടുത്ത വാളണ്ടിയർ മാർക്കും പരിശീലനവും നൽകി. പഞ്ചായത്ത് അതിർത്തിയിലെ സമഗ്ര വിവര ശേഖരണമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. അഡ്വ.യൂസുഫ് കുഞ്ഞ്, ഡോ.ഗോവിന്ദൻകുട്ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എച്ച്. ഹൻസിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഷീല തുടങ്ങി മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേരിലത സ്വാഗതവും ടീം ലീഡർ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.