ivl-

കൊല്ലം: അതിനൂതന ആൻജിയോപ്ലാസ്റ്റി ചികിത്സാ രീതിയായ ഇൻട്രവാസ്കുലാർ ലിഥോട്രിപ്സി (ഐ.വി.എൽ) 60 വയസുകാരനിൽ വിജയകരമായി പൂർത്തിയാക്കിയെന്ന പെരുമ ഇനി കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്കും.

സർക്കാർ ആശുപത്രികളിൽ അസാദ്ധ്യമെന്നു കരുതിയ ചികിത്സയാണ് ഡോ. പ്രവീൺ വേലപ്പന്റെ നേതൃത്വത്തിൽ സാദ്ധ്യമാക്കിയത്.

കാത്സ്യം നിറഞ്ഞ് ഹൃദയ രക്തക്കുഴലുകൾ നേർത്ത് അടയുന്ന അവസ്ഥയ്ക്കാണ് ഈ ചികിത്സ അനിവാര്യം. പ്രമേഹരോഗികളിലും വൃക്കസംബന്ധമായ രോഗങ്ങൾ ഉള്ളവരിലുമാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രക്തക്കുഴലുകളിൽ പ്രകാശവേഗ രശ്മികൾ കടത്തിവിട്ട് കാത്സ്യം ശകലങ്ങൾ പൊട്ടിച്ചുനീക്കി തുറന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള നൂതന ചികിത്സാ രീതിയാണ് ഇൻട്രവാസ്കുലാർ ലിഥോട്രിപ്സി ആൻജിയോപ്ളാസ്റ്റി.

കാത്സ്യം അമിതമായി അടിഞ്ഞുകൂടിയ രക്തക്കുഴലുകൾ പലപ്പോഴും തുറക്കാൻ സാധിക്കില്ല. അഥവാ തുറന്നാലും നിരവധി സങ്കീർണതകൾക്ക് സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് ആർ.ഒ.ടി.എ, ഐ.വി.എൽ തുടങ്ങിയ നൂതന ചികിത്സാ രീതികളുടെ പ്രാധാന്യമേറുന്നത്. കൊല്ലം മെഡി. ആശുപത്രിയിൽ കഴിഞ്ഞ നവംബർ ഒന്നിന് കാർഡിയോളജി വിഭാഗം ആരംഭിച്ച ശേഷം 250 ഓളം രോഗികളെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾക്ക് വിധേയരാക്കി.