sreejesh

കൊല്ലം: കൊല്ലം എസ്‌.എൻ കോളേജ്‌ വിദ്യാർത്ഥിയും പിന്നീട്‌ കായികരംഗത്ത്‌ രാജ്യത്തിന്റെ അഭിമാനവുമായ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഇന്ന് കൊല്ലം പൗരാവലിയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങാൻ കുടുംബസമേതമെത്തും.

കൊല്ലം ബീച്ചിൽ വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിനെയും ദേശീയ - സംസ്ഥാന മെഡൽ ജേതാക്കളെയും മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആദരിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം പൗരാവലിയും കായിക സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ്. ഏണസ്റ്റ് പറഞ്ഞു. വൈകിട്ട് 4ന് പാർവതി മില്ലിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.

എസ്‌.എൻ കോളേജ്‌ വിദ്യാർത്ഥിയായിരിക്കെയാണ്‌ ശ്രീജേഷ്‌ 2006 ൽ കൊളംബോയിൽ നടന്ന സാഫ്‌ ഗെയിംസിൽ സിൽവർ മെഡൽ നേടുന്നത്‌.

എറണാകുളം സ്വദേശിയായ ശ്രീജേഷ്‌ എട്ട് മുതൽ പ്ലസ്‌ടുവരെ പഠിച്ചത്‌ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലാണ്‌. 2014 ൽ അർജുന അവാർഡ്‌, 2017 ൽ പത്മശ്രീ, 2021 ൽ ഖേൽരത്ന, 2022 ൽ വേൾഡ്‌ ഗയിംസിൽ അത്‌ലറ്റ്‌ ഒഫ്‌ ദി ഇയർ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിരുന്നു.