കൊല്ലം: ചെറുകിടമേഖലയി​ൽ ആയിരം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയുമായി കോർപ്പറേഷൻ. ഈ സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് കോർപ്പറേഷന്റെ നീക്കം.

19നും 59നും ഇടയിൽ പ്രായമുള്ളവർക്കാണ് സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകുന്നത്. ഇവർക്കുള്ള മൂലധനം ഒരുക്കാൻ ബാങ്കുകളിൽ നിന്നു വായ്പ ലഭ്യമാക്കാനുള്ള ഇടപെടൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇതിന് പുറമേ കുടുംബശ്രീ, എൻ.യു.എൽ.എം, വ്യവസായ വകുപ്പ് തുടങ്ങിയ ഏജൻസികൾ തൊഴിൽ വികസനത്തിനായി നീക്കിവയ്ക്കുന്ന ഫണ്ടും വിനിയോഗിക്കും. കോർപ്പറേഷന്റെ പ്ലാൻ ഫണ്ടിൽ നിന്നും സംരംഭക പ്രോത്സാഹനത്തിനായി പണം വകയിരുത്തും.

പദ്ധതിയുടെ നടത്തിപ്പിനായി മേയർ അദ്ധ്യക്ഷയായുള്ള സമിതി കോർപ്പറേഷൻ തലത്തിൽ രൂപീകരിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് പുറമേ കുടുംബശ്രീ, സ്റ്റാർട്ട്അപ്പ് മിഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ തുടങ്ങിയ ഏജൻസികളും പുതിയ സംരംഭകർക്ക് പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകാൻ ഒപ്പമുണ്ടാകും. സംരംഭങ്ങളുടെ ആശയം രൂപപ്പെടുത്തുന്നതി​ന് സഹായിക്കാൻ വ്യവസായ വകുപ്പ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഇന്റേൺമാരെ നിയോഗിച്ചിട്ടുണ്ട്.

 ശില്പശാല 4ന്

പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല അടുത്തമാസം 4ന് കൊല്ലം ടൗൺ ഹാളിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും ശില്പശാലയിൽ പങ്കെടുക്കും. ഇതിന് പിന്നാലെ ഡിവിഷൻതലത്തിലും ശില്പശാല നടക്കും. ഇതിൽ മികച്ച ആശയങ്ങളുമായി എത്തുന്നവർക്ക് പിന്നീട് സംഘടിപ്പിക്കുന്ന ലോൺ മേളകളിൽ വായ്പ തരപ്പെടുത്തി നൽകും.