photo
പെരുംകുളം- മൂഴിക്കോട് റോഡിൽ ടാറിംഗ് നടത്തിയപ്പോൾ

കൊല്ലം: ഏറെക്കാലത്തെ ദുരിത യാത്രയ്ക്ക് ശേഷം കൊട്ടാരക്കര പെരുംകുളം റേഷൻ കടമുക്ക്- മൂഴിക്കോട് റോഡിന് ശാപമോക്ഷം. റീ ടാറിംഗ് നടത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.70 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. രണ്ട് വർഷം മുൻപാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. താഴ്ന്ന ഭാഗങ്ങളുടെ വശങ്ങൾ കെട്ടി ഉയർത്തിയശേഷം പച്ചമണ്ണിട്ടപ്പോൾ തുടങ്ങിയതാണ് റോഡിന്റെ യാത്രാദുരിതം. ചെളിക്കുണ്ടായി മാറിയതോടെ നിരവധി വാഹനങ്ങൾ തെന്നി മറിഞ്ഞു. പിന്നീട് മെറ്റലിട്ടപ്പോഴും ബുദ്ധിമുട്ടുകൾ ഏറുകയായിരുന്നു. വേനൽ മഴയത്ത് മെറ്റൽ ഇളകി റോഡ് നിറയെ തെറിച്ചു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങിയതോടെയാണ് റോഡിന്റെ ദയനീയാവസ്ഥ അക്കമിട്ട് നിരത്തി 'പെരുംകുളം- ​മൂഴിക്കോട് റോഡിൽ യാത്രാദുരിതം മാറുന്നില്ല' എന്ന തലക്കെട്ടോടെ കേരളകൗമുദി ഈ മാസം 17ന് വാർത്ത പ്രസിദ്ധീകരിച്ചത്. തുടർ ദിവസങ്ങളിൽ ഫോളോ അപ് വാർത്തകളും പ്രസിദ്ധീകരിച്ചു. ഇതോടെ കരാറുകാരനും ഉദ്യോഗസ്ഥരും ഉണർന്നു. ഇപ്പോൾ ടാറിംഗ് നടത്തി റോഡിലെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിച്ചു.

ഓട നിർമ്മിച്ചില്ല

വേനൽ മഴയത്ത് കുത്തൊഴുക്കുണ്ടായതും മെറ്റലും മണ്ണും ഇളകി ഒഴുകിയതുമൊക്കെ നാട്ടുകാർ നേരിട്ട് കണ്ടതാണ്. നേരത്തെ പൈപ്പിടാൻ കുഴിയെടുത്തിട്ടുള്ളതിനാൽ ഇവിടുത്തെ മണ്ണിന് ഉറപ്പില്ല. അതാണ് ഇളകി ഒഴുകിപ്പോകുന്നത്. വേനൽമഴയ്ക് ശേഷവും ഓട നിർമ്മിക്കാതെ വശങ്ങളിൽ പച്ചമണ്ണിട്ട് നിരപ്പാക്കിയിരിക്കുകയാണ്. വരുന്ന മഴക്കാലത്ത് ഇത് ഒലിച്ചുപോകും. റോഡ് പഴയ നിലയിലേക്ക് തകരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.