കൊല്ലം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്​ കിരീടം. 190 പോയിന്റ് നേടിയാണ് വിജയകിരീടമണിഞ്ഞത്​.

തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജ് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ തവണത്തെ ജേതാക്കളായ തിരുവനന്തപുരം യൂണിവേഴ്​സിറ്റി കോളേജ്​ ഇത്തവണ മൂന്നാമതാണ്​. 145 പോയിന്റാണ്​ യൂണിവേഴ്​സിറ്റി കോളേജിന് ലഭിച്ചത്​.തിരുവനന്തപുരം ഗവ. വിമൻസ്​ 100 പോയന്റുമായി നാലാമതായി. ആതിഥേയരായ എസ്​.എൻ കോളേജ്​ 82 പോയിന്റുമായി അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

വിദ്യാർത്ഥികളുടെ സർഗാത്മകത വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു അദ്ധ്യക്ഷയായി.

വിഷ്ണു കലാപ്രതിഭ, സോന തിലകം

28 പോയിന്റ് നേടി ആലപ്പുഴ എസ്.എൻ കോളേജിലെ എസ്. വിഷ്ണു കലാപ്രതിഭയായി. 35 പോയിന്റ് നേടി തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ സോന സുനിൽ കലാതിലകപ്പട്ടണിഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഏക മത്സരാർത്ഥിയായ സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ജെ.ഐവിൻ ഏഴിനങ്ങളിൽ പങ്കെടുത്ത് 35 പോയിന്റ് നേടി.