കരുനാഗപ്പള്ളി: ഗ്രന്ഥശാലാമുറ്റത്ത് സൂര്യകലയ്ക്ക് അക്ഷരപ്പൂത്താലി ഒരുങ്ങി. ക്ലാപ്പന ഇ.എം.എസ് സാംസ്ക്കാരിക വേദി ലൈബ്രറിയാണ് വിവാഹത്തിന് അരങ്ങൊരുക്കിയത്. മണക്ക് ഗ്രന്ഥശാലാ മുറ്റത്ത് ഒരു നാട് മുഴുവൻ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ ഒത്തുകൂടുകയായിരുന്നു. മന്ത്രി ചിഞ്ചുറാണി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. അപ്പുക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രന്ഥശാലയ്ക്ക് മുമ്പിലെ കൽവിളക്കുകളിൽ നാട്ടുകാർ ദീപം തെളിച്ചു. തുടർന്ന് വരൻ അജിത്തിന്റെയും വധു സൂര്യകലയുടെയും കൈകൾ അഡ്വ. അപ്പുക്കുട്ടൻ ചേർത്തുവച്ചു. മന്ത്രി ഇരുവർക്കും വരണമാല്യം കൈമാറി. തുടർന്ന് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. നാട്ടുകാരുടെ സഹായത്തോടെ വിവാഹ ചെലവുകൾ മുഴുവനും ഗ്രന്ഥശാലയാണ് വഹിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സ്വാഗതം പറഞ്ഞു.
സി. ആർ. മഹേഷ് എം.എൽ.എ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ, അഡ്വ.പി ബി ശിവൻ, വി.പി. ജയപ്രകാശ് മേനോൻ, വസന്താരമേശ്, മിനിമോൾ, സജീവ് ഓണമ്പള്ളിൽ, എസ്.എം.ഇക്ബാൽ, പി.ജെ. കുഞ്ഞിചന്തു, ടി.ആർ. ശ്രീനാഥ്, ജി.അനിത, ആർ.മോഹനൻ, എ.മജീദ് തുടങ്ങിയവർ പങ്കെടുത്തു.