
കൊല്ലം: ഗ്രന്ഥശാലകളെ ഹൈടെക്കാക്കാൻ വെളിച്ചം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗീകാരമുള്ള 110 ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രൊജക്ടർ സ്ക്രീനും ആദ്യഘട്ടമായി നൽകി.
52 ഗ്രന്ഥശാലകൾക്കുള്ള വിതരണം ഇന്ന് നടക്കും.
സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേഷൻ ഉള്ള 801 ഗ്രന്ഥശാലകൾ ജില്ലയിലുണ്ട്. ഘട്ടം ഘട്ടമായി എല്ലാ ഗ്രന്ഥശാലകളിലും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഗ്രന്ഥശാലകൾക്ക് സെമിനാറുകൾ, സിനിമാ പ്രദർശനങ്ങൾ മുതലായവ സംഘടിപ്പിക്കുന്നതിനും പുസ്തകങ്ങളുടെ വിവരങ്ങൾ ഇലക്ട്രോണിക് ഡിവൈസിന്റെ സഹായത്തിൽ സൂക്ഷിക്കുന്നതിനും സഹായകമാണ് വെളിച്ചം പദ്ധതി.
പദ്ധതി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടക്കും. പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷയാകും.
പദ്ധതി ചെലവ് - 40 ലക്ഷം
സാംസ്കാരിക നവോത്ഥാനം രൂപപ്പെട്ടത് ഗ്രന്ഥശാലകളിലൂടെയാണ്. വായനശാലകളാണ് ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങൾ. തുടർ വാർഷിക പദ്ധതികളിലൂടെ ജില്ലയിലെ എല്ലാ ഗ്രന്ഥശാലകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
സാം.കെ. ഡാനിയേൽ,
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്