കൊല്ലം: ഇന്ത്യൻ സംസ്കാരിക വിനിമയോത്സവത്തിന്റെ ഭാഗമായി ഭാരത് ഭവനും സൗത്ത് സോൺ കൾച്ചർ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ഗ്രാമോത്സവം' പാരിപ്പള്ളി സംസ്കാരയുടെ വേദിയിൽ ഇന്ന് അരങ്ങേറും. ആസാം, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ 60 കലാകാരന്മാണ് ഗ്രാമോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6ന് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ അഡ്വ.വി. ജോയി എം.എൽ.എ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള അദ്ധ്യക്ഷത വഹിക്കും. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി എന്നിവർ സംസാരിക്കും. പാരിപ്പള്ളി മടത്തറ റോഡിൽ നിന്നു സാംസ്കാരിക ഘോഷയാത്രയോടെ കലാകാരന്മാരെ സംസ്കാര വരവേൽക്കും. സംസ്കാര പ്രസിഡന്റ് എം. ശിവശങ്കരനുണ്ണിത്താൻ, നിർവാഹക സമിതി അംഗങ്ങളായ പത്മാലയം ആർ.രാധാകൃഷ്ണൻ, കെ.രാധാകൃഷ്ണപിള്ള, ബി.സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.