കൊല്ലം: നഗരത്തിലെ ഏറ്റവും കുരുക്കേറിയ ജംഗ്ഷനുകളിലൊന്നായ രാമൻകുളങ്ങരയിൽ പരിഹാര നടപടിയുമായി കോർപ്പറേഷൻ. നിലവിലെ റോഡിന്റെ വീതികൂട്ടി ഗതാഗതം സുഗമമാക്കുന്നതിനൊപ്പം പുതിയ ബസ് സ്റ്റോപ്പുകളും പാർക്കിംഗിന് പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തുകയാണ് ലക്ഷ്യം.
രാമൻകുളങ്ങര ജംഗ്ഷനിലെ റോഡിന്റെ വീതി നിലവിൽ കഷ്ടിച്ച് എട്ട് മീറ്ററാണ്. അര കിലോ മീറ്റർ നീളത്തിലെങ്കിലും വീതി 15 മീറ്ററായി ഉയർത്തി ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനാണ് ആലോചന. മരുത്തടിയിൽ നിന്നും മാമൂട്ടിൽക്കടവിൽ നിന്നുമുള്ള വാഹനങ്ങൾ വന്നുചേരുന്ന ഭാഗത്ത് ഗതാഗത സ്തംഭനം പതിവാണ്. തിരക്കേറിയ സമയങ്ങളിൽ ചിന്നക്കട, കാവനാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഇവിടെ കുരുങ്ങും. റോഡിന്റെ വീതിക്കുറവിന് പുറമേ ചില വ്യാപാര സ്ഥാപനങ്ങളുടെ കൈയേറ്റവും സ്ഥിതി വഷളാക്കുന്നു.
ബൈപ്പാസിലൂടെ ഗതാഗതം ആരംഭിച്ചപ്പോൾ രാമൻകുളങ്ങര ജംഗ്ഷനിലെ കുരുക്കിന് അല്പം അയവ് വന്നിരുന്നു. എന്നാൽ ടോൾ പിരിവ് ആരംഭിച്ചതോടെ വാഹനങ്ങൾ കൂട്ടത്തോടെ ഇതുവഴിയുള്ള യാത്ര പുനരാരംഭിച്ചു. ഇതോടെ സ്ഥിതി പഴയതിനേക്കാൾ രൂക്ഷമായി. റോഡ് മുറിച്ച് കടക്കുകയും വശങ്ങളിലൂടെ നടക്കുകയും ചെയ്യുന്ന കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതിനൊപ്പം വാഹനങ്ങൾ കൂട്ടിമുട്ടുന്നതും അങ്ങനെയുള്ള ഗതാഗത സ്തംഭനവും ഇവിടെ പതിവാണ്.
യാത്രക്കാർക്ക് പരാതി
രാമൻകുളങ്ങരയിലെ കാവനാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം തമ്പടിക്കുന്ന ചില വാഹനങ്ങളിൽ നിന്നു യാത്രക്കാർക്ക് നേരെ അശ്ലീല വാക്കുകളും അസഭ്യവർഷവും നടത്തുന്നതായി പരാതിയുണ്ട്. ബസുകളിൽ വന്നിറങ്ങുന്ന വനിതാ യാത്രക്കാരും പെൺകുട്ടികളുമാണ് പ്രധാനമായും അപമാനിക്കപ്പെടുന്നത്. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ ഇടപെടൽ ഇല്ലെന്നും ആരോപണമുണ്ട്.