floating

കൊല്ലം: മൺറോത്തുരുത്തിലെ എസ് വളവിൽ ബോട്ട് യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി തുരുത്ത് മാറ്റിയത് വിവാദത്തിൽ. രണ്ടു വർഷം മുമ്പ് ഡി.ടി.പി.സി സ്ഥാപിച്ച ബോട്ട് ജെട്ടി ബദൽ സംവിധാനം ഒരുക്കാതെ മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ഇതോടെ ശിക്കാര ബോട്ടിന്റെ തുഴച്ചിൽക്കാർ ബോട്ടുകൾ കൂട്ടിയിട്ട് പ്രതിഷേധിച്ചു. മൺറോത്തുരുത്തിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന എസ് വളവിൽ ആളുകൾക്ക് സുരക്ഷിതമായി ബോട്ടിൽ കയറാവുന്ന സംവിധാനമായിരുന്നു ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി.

33 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. മൺറോത്തുരുത്തിലെ ഏറ്റവും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാണ് എസ് വളവ്.

എന്നും അവഗണന

സർക്കാരോ ഡി.ടി.പി.സിയോ ഒരു വികസനവും മൺറോത്തുരുത്തിൽ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എസ് വളവിലെ കോളനി റോഡ് തകർന്നിട്ട് കാലങ്ങളായി. മൂന്ന് കോടി രൂപ മുതൽ മുടക്കിൽ ടൂറിസം വകുപ്പിന് കീഴിൽ 2017ൽ ഇറിഗേഷൻ വകുപ്പ് ടെണ്ടർ ചെയ്ത ജോലി ഏഴ് വർഷമായിട്ടും എങ്ങും എത്തിയില്ല.

സീ പ്ളെയിൻ പദ്ധതിയുടെ ഭാഗമായാണ് അഷ്ടമുടി കായലിൽ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി സ്ഥാപിച്ചത്. വാട്ടർ സ്പോർട്സ് പദ്ധതിയും പിന്നീട് ലക്ഷ്യമിട്ടു. രണ്ടും നടന്നില്ല. സാമ്പ്രാണിക്കോടിയിൽ വിനോദസഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതും നിലവിലെ ബോട്ട് ജെട്ടിക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി മാറ്റിയത്. പുതിയ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി വാങ്ങാൻ തീരുമാനമായിട്ടുണ്ട്.

രമ്യാ.ആർ. കുമാർ

ഡി.ടി.പി.സി സെക്രട്ടറി

ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി എസ് വളവിൽ പുനഃസ്ഥാപിക്കാൻ ഡി.ടി.പി.സി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം

എബ്രഹാം സാമുവൽ

ജില്ലാ വികസന സമിതി അംഗം