കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 2022-23 വർഷത്തേക്ക് സാഗി 2, ഫേസ് 7 ലാണ് മയ്യനാട് പഞ്ചായത്ത് ഉൾപ്പെടുത്തുന്നത്.
സമഗ്രമായ വികസനത്തിലൂടെ ഗ്രാമപഞ്ചായത്തിനെ മാതൃകാ പഞ്ചായത്തയാക്കി മാറ്റുന്നതാണ് പദ്ധതി. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമ്മാർജ്ജനം, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്രീയമായ വികസനമാണ് ലക്ഷ്യമിടുന്നത്. വികസനത്തിന് പുറമെ സാമൂഹ്യമായ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നു. പൗരന്മാരുടെ സഹായവും സഹകരണവും ഉറപ്പാക്കി ദാരിദ്ര്യനിർമ്മാർജ്ജനം, ലൈംഗിക സമത്വം, സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ബഹുമാനിക്കൽ, യുവാക്കളിൽ സാമൂഹ്യ സേവനത്തിനുളള തത്പരത വളർത്തിയെടുക്കൽ, ശുചിത്വബോധം, സ്വാശ്രയത്വം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്, സൻസദ് ഗ്രാമമായി നിർദ്ദേശിക്കപ്പെട്ട മയ്യനാട് പഞ്ചായത്തിന് മുൻഗണന നൽകും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ബഹുജനപങ്കാളിത്തം ഉറപ്പാക്കി സമയബന്ധിതമായി നടപ്പാക്കാൻ പദ്ധതിയിൽ വ്യവസ്ഥയുണ്ടെന്നും എം.പി പറഞ്ഞു.