ഓച്ചിറ: വള്ളിക്കാവ് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വാർഡ് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രചരണം മാത്രമാണെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.

വള്ളിക്കാവ് കുടുംബാരോഗ്യകേന്ദ്രത്തിന് ബഡ്‌ജറ്റിൽ

അനുവദിച്ച അഞ്ച് കോടിരൂപ എന്നത് സാങ്കേതികത്വം മാത്രമാണ്.

ഇത്രയും തുക ഉപയോഗിച്ച് അവിടെ കെട്ടിടം പണിയുകയെന്നത് പ്രായോഗികമല്ല. സ്ഥലപരിമിതിയുള്ള വള്ളിക്കാവിൽ ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിച്ച് കുടുംബാരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ബാക്കിയുള്ള ഫണ്ട് നഷ്ടപ്പെടുത്താതെ മറ്റു കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന്‌ ഉപയോഗിക്കാമെന്ന സത്യസന്ധമായ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബാരോഗ്യകേന്ദ്രമുള്ള ക്ലാപ്പനയിൽ മറ്റൊരണ്ണം കൂടി അനുവദിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങാൻ നിയമമില്ല. കുടുംബാരോഗ്യകേന്ദ്രത്തിനോ,​ സബ് സെന്റർ നിർമ്മിക്കുന്നതിനോ പഞ്ചായത്ത് സമയബന്ധിതമായി സ്ഥലം ലഭ്യമാക്കിയാൽ ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്നോ സർക്കാരിനെ കൊണ്ടോ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വസ്തുത ഇതാണെന്നിരിക്കെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും പഞ്ചായത്തിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയആയുധമാക്കാനുമാണ് കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.