
കൊല്ലം: തൈറോയ്ഡ് രോഗത്തിൽ നിന്ന് ഹോമിയോ ചികിത്സയിലൂടെ ശാശ്വതമായി മോചനം നേടാം. തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകളുണ്ടാകുന്ന അവസ്ഥ, തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനം, ശരീരത്തിലെ മറ്റ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ കാരണം തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് തൈറോയ്ഡ് രോഗത്തിന് കാരണം.
കഴുത്തിന്റെ മുൻഭാഗത്ത് ആഡംസ് ആപ്പിളിന് മുന്നിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ആഹാരത്തിൽ നിന്ന് അയഡിൻ സ്വീകരിച്ച് ഹോർമോണുകളായി മാറ്റുകയാണ് ഇതിന്റെ ധർമ്മം. പിറ്റ്യുട്ടറി ഗ്രന്ഥിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഹോർമോൺ രക്തത്തിലേക്ക് കടന്ന്, ജീവനെ പോഷിപ്പിക്കുകയും കോശങ്ങളുടെയും കലകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് രോഗം ബാധിക്കുമ്പോൾ ഈ പ്രവർത്തനങ്ങളുടെ താളം തെറ്റി പലതരത്തിലുള്ള ശാരീരിക, മാനസിക അസ്വസ്ഥതകളുണ്ടാകുന്നു.
ഹൈപ്പോ തൈറോയ്ഡിസം
തൈറോ ഹോർമോണിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പോ തൈറോയ്ഡിസം. കുട്ടികളിൽ ക്രിട്ടിനിസമായും മുതിർന്നവരിൽ മിക്സോഡിമ ആയും കാണുന്നു. മൂക്ക് പരന്നിരിക്കുക, എല്ലിന്റെ വളർച്ച കുറയുക, നടക്കാൻ താമസിക്കുക, മലബന്ധം എന്നിവയാണ് ക്രിട്ടിനിസത്തിന്റെ ലക്ഷണങ്ങൾ. കടുത്ത ക്ഷീണം, ശരീരവണ്ണം കൂടുക, എപ്പോഴും ഉറങ്ങാൻ തോന്നുക, തണുപ്പ് അസഹനീയമാവുക, മലബന്ധം, ലൈംഗിക ശേഷിക്കുറവ്, ഗർഭം അലസൽ, മാസമുറകളിൽ വ്യതിയാനം എന്നിവയാണ് മിക്സോഡിമയുടെ ലക്ഷണങ്ങൾ.
ഹൈപ്പർ തൈറോയ്ഡിസം
തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ഹൃദയമിടിപ്പ് കൂടുക, ശരീരഭാഗം കുറയുക, എന്നിവയ്ക്ക് പുറമേ ഉറക്കമില്ലായ്മയും മാനസികാസ്വസ്ഥതകളും പ്രകടമാകും. ചൂട് സഹിക്കാനാകാതെ വരുക, ഇടയ്ക്കിടെ മലവിസർജ്ജനത്തിന് തോന്നുക എന്നിവയ്ക്ക് പുറമേ പുരുഷന്മാരിൽ ലൈംഗിക ശേഷിക്കുറവ്, മാംസപേശിയുടെ ബലക്ഷയം തുടങ്ങിയവും കണ്ണുന്തിച്ച് നോക്കുന്നതും ലക്ഷണങ്ങളാണ്. സ്ത്രീകളിൽ ആർത്തവക്കുറവുണ്ടാകും.
ഹോമിയോ ചികിത്സ
തൈറോയ്ഡ് രോഗവും മനസും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഓരോ രോഗിയുടെ ശരീരത്തിന്റെയും മനസിന്റെയും അവസ്ഥ പ്രത്യേകം പഠിച്ചാണ് തൈറോയ്ഡിനുള്ള ഹോമിയോ ചികിത്സ. മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ തൈറോയ്ഡ് രോഗത്തിന് ഇടയാക്കുന്നുണ്ട്. തൈറോയ്ഡ് രോഗികൾ കുറഞ്ഞത് രണ്ടുവർഷം വരെ ഹോമിയോ മരുന്ന് കഴിക്കണം. ഹോമിയോ ഗുളിക, പൊടി ഇവ രണ്ട് ടീസ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ച് അഹാരത്തിന് അര മണിക്കൂർ മുമ്പോ ശേഷമോ കഴിക്കുക. തുള്ളിമരുന്ന് നിർദ്ദേശിക്കുന്ന അളവിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ച് അഹാരത്തിന് അര മണിക്കൂർ ശേഷം കുടിക്കുക.
തൈറോയ്ഡ് രോഗത്തെ പ്രതിരോധിക്കാൻ ഫാസ്റ്റ് ഫുഡ് പരാവധി ഒഴിവാക്കണം. പായ്ക്കറ്റുകളിലാക്കിയ മസാലപ്പൊടികളും പ്രത്യേകിച്ച് മഞ്ഞൾപ്പൊടി അടക്കമുള്ള കറി പൗഡറുകളും ഉപയോഗിക്കരുത്. ബ്രോയിലർ ചിക്കൻ ഒഴിവാക്കണം. അനാവശ്യമായി ഹോർമോൺ ഗുളികകൾ കഴിക്കരുത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്.
ഡോ. പി.കെ. വിഷ്ണുരാജൻ
മെഡിക്കൽ ഓഫീസർ
ജില്ലാ ഹോമിയോ ആശുപത്രി