കൊട്ടാരക്കര: ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ പുറത്തെത്തിച്ച് വെടിവച്ചു കൊന്നു. കൊട്ടാരക്കര ലോവർ കരിക്കം ആണ്ടുപൊയ്ക മിഖായേലിന്റെ പുരയിടത്തിലെ മൂടിയില്ലാത്ത കിണറ്റിലാണ് പന്നി അകപ്പെട്ടത്. അഞ്ചൽ ഫോറസ്റ്റ് അധികൃതരെത്തി റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സഹായത്തോടെ പന്നിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് പിടികൂടി ഉയർത്തുകയും പിന്നീട് വെടിവച്ച് കൊല്ലുകയുമായിരുന്നു. 150 കിലോ തൂക്കം വരുന്ന പന്നിയുടെ മൃതദേഹം പിന്നീട് മറവ് ചെയ്തു. പ്രദേശത്ത് വ്യാപകമായി കൃഷിനാശം വരുത്തിയിരുന്ന പന്നിയെയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്.ബിനു, അസിസ്റ്റന്റുമാരായ മനോജ്, ഹേമന്ദ് എന്നിവരുടെ നേതൃത്വത്തിൽ നിയമ ക്രമങ്ങൾ പാലിച്ച് വെടിവച്ച് കൊന്നത്.