അഞ്ചൽ : പട്ടാപ്പകൽ ഏരൂർ ജംഗ്ഷനിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്ന ആളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ മുഴതാങ്ങ് സുലോചന വിലാസത്തിൽ അനീഷ് (23) ആണ് സ്കൂട്ടർ മോഷണത്തിന് അറസ്റ്റിലായത്. കഴിഞ്ഞ 23ന് ഉച്ചയോടെയാണ് ഏരൂർ പാലവിള തെക്കേതിൽ വീട്ടിൽ ഉദയന്റെ സ്കൂട്ടർ ഏരൂർ ജംഗ്ഷനിൽ നിന്ന് മോഷണം പോയത്. കടയുടെ മുൻപിൽ പാർക്കുചെയ്തിരുന്ന സ്കൂട്ടറിൽ നിന്ന് താക്കോൽ ഊരി മാറ്റിയിരുന്നില്ല. തൃക്കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജംഗ്ഷനിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു സ്കൂട്ടർ മോഷണം പോയത്. പരാതി ലഭിച്ച ഉടൻ തന്നെ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഷാഡോ ടീമംഗമായ ദീപക്, രഹസ്യന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ സിനിൽ എന്നിവർ ചേർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, അബീഷ്, ദീപക് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം വിളക്കുപാറ ഭാഗത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപം ഒളിപ്പിച്ചു വച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.