കൊല്ലം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിർമ്മാണ സാമഗ്രികൾ നൽകിയ ഇനത്തിൽ ജില്ലയിലെ കരാറുകാർക്ക് കിട്ടാനുള്ളത് 32.90 കോടി രൂപ. ഇത്രയും തുക കുടിശിക കിടക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ നിർമ്മാണ സാമഗ്രികൾക്ക് ടെണ്ടർ വിളിച്ച് കൂടുതൽ കരാറുകാരെ ദുരിതത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനവും കേന്ദ്ര വിഹിതമാണ്. എന്നാൽ സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം കൂടി ചേർത്ത് കരാറുകാർക്കുള്ള തുക വൈകിപ്പിക്കുകയാണ്. ക്വാറി ഉല്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതും കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു. കരാർ ഉറപ്പിച്ച സമയത്തേക്കാൾ വൻ തുകയ്ക്കാണ് കരാറുകാർ ക്വാറി ഉല്പന്നങ്ങളും മറ്റ് സാമഗ്രികളും വാങ്ങിയത്. ഈ ഇനത്തിൽ വൻ നഷ്ടമുണ്ടായി കരാറുകാർ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴാണ് സർക്കാർ പണം നൽകാതെ വലയ്ക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടന്ന നിബന്ധന ഏർപ്പെടുത്തി കരാറുകാരെ പട്ടിണിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം നൽകിയ ബില്ലുകളിൽ ഭൂരിഭാഗവും ഇതുവരെ മാറി നൽകിയിട്ടില്ല.

പുതിയ കരാറുകൾ ഏറ്രെടുക്കില്ല

കുടിശിക തുക നൽകാതിരിക്കുന്നതിനൊപ്പം ക്വാറി ഉല്പപ്പനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും ഇടപെടാത്തതിലും പ്രതിഷേധിച്ച് പുതിയ കരാറുകൾ ഏറ്റെടുക്കേണ്ടെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ദിലീപ് കുമാർ, പ്രദീപ് കുമാർ, അനിൽകുമാർ, സുനിൽദത്ത്, ശിബി, സുരേഷ് കുമാർ, അനീഷ്, ഗോപി, സലിം, രാമൻപിള്ള, സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.