കൊല്ലം: കുട്ടികളെ കായിക മേഖലയിലേക്ക് ആകർഷിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പറഞ്ഞു. കൊല്ലം പൗരാവലിയും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്നൊരുക്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കായിക താരങ്ങൾക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കണം. കളിക്കാനുള്ള അവസരമൊരുക്കണം. കുട്ടികൾ കായിക മേഖലയിലേക്ക് വരാത്തതുകൊണ്ടാണ് പലപ്പോഴും മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങളിലേക്ക് പോകുന്നതെന്ന് ശ്രീജേഷ് പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പാർവതി മില്ലിൽ നിന്ന് കൊല്ലം ബീച്ച് വരെ വിവിധ വാദ്യഘോഷങ്ങളുടെയും ബുള്ളറ്റ് റാലിയുടെയും കായികയിനങ്ങളായ റോൾ ബോൾ, റോളർ സ്‌കേറ്റിംഗ്, കരാട്ടെ, കളരിപ്പയറ്റ് എന്നിവയുടെയും അകമ്പടിയോടെ സ്‌പോർട്‌സ് റാലിയും നടത്തി. ഏഷ്യാഡ് താരം രാഘു നാഥ് സ്‌പോർട്‌സ് റാലി ഫ്‌ളാഗ് ഒഫ് ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. എം. നൗഷാദ് എം.എൽ.എ, എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസിലർ എസ്.വി സുധീർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് തുടങ്ങിയവർ പങ്കെടുത്തു.