bus
മണിക്കൂറുകളായി പത്തനാപുരത്ത് ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍

പത്തനാപുരം : മിക്ക ട്രാൻ.ഡിപ്പോകളിലും ദിവസേന പുതിയ ദീർഘദൂര ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ പത്തനാപുരം ഡിപ്പോയിലാകട്ടെ ഉണ്ടായിരുന്ന സർവീസും നിറുത്തി. ബസുകളുടെയും ജീവനക്കാരുടെയും എണ്ണം ദിവസേന കുറഞ്ഞുകൊണ്ടേയിരിക്കുന്നു.

കൊവിഡിൽ നിന്ന് കരകയറി റെക്കാഡ് വരുമാനം ലഭിച്ചപ്പോഴും പത്തനാപുരം ഡിപ്പോയ്ക്ക് അവഗണന മാത്രമായിരുന്നു ഫലം. ആദ്യം നിറുത്തിയത് ദിവസവും പുലർച്ചെ 5.10 ന് സർവീസ് നടത്തിക്കൊണ്ടിരുന്ന തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ ആയിരുന്നു. പിന്നാലെ രാവിലെ 7 മണിക്കുള്ള ബത്തേരി സർവീസ്. പിന്നെ ചന്ദനക്കാംപ്പാറയും പത്തനാപുരം - കൊല്ലം വഴിയുള്ള കുമളിയും തിരുവനന്തപുരം സർവീസുമെല്ലാം ഓർമ്മകളായി മാറി.സാധാരണക്കാരുടെ ആശ്രയമായ മലയോര മേഖലകളിലേക്കുള്ള ബസുകളും ഷെഡിൽ കയറി.

പ്രവർത്തനം നിലച്ച്
വർക്ക് ഷോപ്പ്

47 ബസുകൾ ഓടിക്കൊണ്ടിരുന്ന പത്തനാപുരത്തിപ്പോൾ 20 ൽ താഴെ സർവീസുകളാണുള്ളത്. ജീവനക്കാരെ സ്ഥലം മാറ്റിയതോടെ വർക്ക് ഷോപ്പിന്റെ പ്രവർത്തനവും നിലച്ചു. ചുരുക്കി പറഞ്ഞാൽ വണ്ടി വഴിയിലായാൽ യാത്രക്കാരും പെരുവഴിയിൽ തന്നെ. കൊല്ലത്ത് നിന്നോ കൊട്ടാരക്കരയിൽ നിന്നോ മെക്കാനിക്ക് എത്തിവേണം ശരിയാക്കാൻ. സംഭവത്തെ പറ്റി ചോദിച്ചപ്പോൾ പ്രതികരിക്കാൻ പത്തനാപുരം ഡി.ടി.ഒ തയ്യാറായില്ല.

സമാന്തര സർവീസുകൾ ആശ്രയം

കിഴക്കൻ മലയോര മേഖലയിലുള്ള സ്കൂൾ വിദ്യാർത്ഥികളടക്കം നല്ല തുക നല്കി സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .ഡിപ്പോ അടച്ച് പൂട്ടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ട്രാൻ.ഡിപ്പോയുടെ അവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിട്ടുണ്ട്.