പരവൂർ: പരവൂർ നഗരസഭയിൽ ബയോമിത്രം പദ്ധതി വി​ഭാഗത്തി​ന് കെട്ടിടമില്ലാത്തത് ജീവനക്കാരെ വലയ്ക്കുന്നു. മരുന്ന് സൂക്ഷിക്കാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇരിക്കാനും സ്ഥിരമായി ഇടമില്ല.

പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ഉപകേന്ദ്രങ്ങളാണ് ഇപ്പോൾ ഇതി​നായി​ ഉപയോഗിക്കുന്നത്.എന്നാൽ ഉപകേന്ദ്രങ്ങളിൽ കുത്തിവയ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബയോമിത്രം പദ്ധതി നടക്കുന്ന ദിവസം നേരത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ നഗരസഭയ്ക്ക് കത്ത് നൽകി. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്തു. കൊവിഡിന് മുൻപ് വരെ പകൽവീട് ആയിരുന്നു ബയോമിത്രം പദ്ധതിയുടെ കേന്ദ്രം. കൊവിഡ് പരിചരണ കേന്ദ്രമാക്കിയതോടെ യു.ഐ.ടി കോളേജിലേക്ക് മാറ്റി. കോളേജിൽ ക്ലാസ് ആരംഭിച്ചപ്പോൾ താലൂക്ക് ആശുപത്രിയിലായി കേന്ദ്രം. ഇവിടെ നിന്നാണ് ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നഗരസഭയുടെ ചന്തയിലെ കെട്ടിടത്തിൽ ബയോമിത്രം കേന്ദ്രം തുടങ്ങാൻ ആറുമാസം മുൻപ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ ഉയർന്നതോടെ അത് നടപ്പായില്ല. നഗരസഭയിലെ എല്ലാ വാർഡുകളിലും ബയോമിത്രം പദ്ധതിയുടെ ഭാഗമായി യോഗ പ്രതിരോധന ക്യാമ്പും മരുന്ന് വിതരണവും നടക്കുന്നുണ്ട്.