ഓടനാവട്ടം: കല്ലട ജലസേചന പദ്ധതിയുടെ കനാലിന്റെ ഭാഗമായി നിർമിച്ചിട്ടുള്ള മുട്ടറ അക്വിഡക്ടിൽ കാടുകേറി മൂടിയിട്ട് ഏറെ നാളായി. വളരെ പഴക്കമേറിയതും തറനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുമാണ് അക്വിഡക്ട്. നിരവധി കാൽനട യാത്രക്കാരുടെയും ചില വാഹനങ്ങളുടെയും എളുപ്പ വഴി കൂടിയാണ് ഇവിടം. അക്വിഡക്ടിന് തൊട്ടടുത്ത് മുട്ടറ ഇണ്ടിളയപ്പൻ ക്ഷേത്രവും കാർഷിക മേഖലകളും വിവിധ പാതകൾ ഉൾപ്പെടുന്ന ജനവാസകേന്ദ്രവുമാണ്. ധാരാളം സ്വകാര്യ വാഹനങ്ങളാണ് ഇതിന്റ താഴെക്കൂടി കടന്നുപോകുന്നത്.
അധികൃതരുടെ അവഗണന
കാടുകയറിത് മാത്രമല്ല അക്വിഡിറ്റിന്റെ പലഭാഗങ്ങളിലും കോൺക്രീറ്റ് പാളികൾ പൊളിഞ്ഞു വീണ് വെള്ളം ചോരുന്നുമുണ്ട്.അധികൃതരുടെ അവഗണനയാണ് അക്വിഡിറ്റ് നാശത്തിലാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കനാൽ മെയ്ന്റനൻസിനും മറ്റും ആവശ്യത്തിനുള്ള ഫണ്ടുകൾ നിലവിലുണ്ടെങ്കിലും അവ ഉപയോഗിക്കുന്നില്ല. കുടിവെള്ള ക്ഷാമമുള്ള പലഭാഗങ്ങളിലും കനാൽ വെള്ളം ഒഴുകി എത്താത്ത അവസ്ഥയുമുണ്ട്. കെ.ഐ.പി അധികൃതർ അക്വിഡിറ്റ് സംരക്ഷിക്കുന്ന നടപടിയെടുത്തില്ലെങ്കിൽ സമരം ചെയ്യാനാണ് പ്രദേശവവാസികളുടെ തീരുമാനം.