കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ മണ്ണാങ്കുഴിൽ റെയിൽവേ മേൽപ്പാലം വരുന്നു. നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചു. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.80 ലക്ഷം രൂപ റെയിൽവേയ്ക്ക് ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി നൽകാനുള്ള ഫണ്ടിനാണ് ധനകാര്യ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചത്. 2021 ഡിസംബറിലാണ് റെയിൽവേ മധുര ഡിവിഷണൽ മാനേജർ മണ്ണാങ്കുഴിയിലെ മേൽപ്പാലം നിർമ്മിക്കാനുള്ള സ്ഥലം സന്ദർശിച്ചത്. മേൽപ്പാലം നിർമ്മിക്കാനുളള അനുമതിയും നൽകി. ആഴ്ചകൾക്കുള്ളിൽ റെയിൽവേ അധികൃതർ 3.25 കോടി രൂപയുടെ പ്രാഥമിക രേഖയും തയ്യാറാക്കി നൽകി. തുടർന്ന് മേൽപ്പാല നിർമ്മാണ ജോലികൾ ആരംഭിക്കാൻ ഡി.പി.ആർ തുക അടയ്ക്കാൻ റെയിൽവേ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ നാളുകൾ എറെയായിട്ടും തുക അടയ്ക്കാൻ കഴിഞ്ഞില്ല.റെയിൽവേയ്ക്ക് ഫണ്ട് കൈമാറുന്നതിന് ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും ധനകാര്യ വകുപ്പിൽ നിന്നും അനുമതി വൈകിയതാണ് കാരണം. അതേ സമയം യെൽവേ അധികൃതർ എത്രയും വേഗം ഡി.പി.ആർ തുക നൽകണമെന്ന് പറഞ്ഞ് പഞ്ചായത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നു. നീണ്ട പരിശ്രമത്തിന് ശേഷം പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്ന് അനുമതി ലഭിച്ചെങ്കിലും ധനകാര്യ വകുപ്പിൽ നിന്നുള്ള അനുമതി വീണ്ടും നീണ്ടു. ഈ അനുമതിയാണ് ഇപ്പോൾ ലഭിച്ചത്.
ഫണ്ട് വരണം
ഡി.പി.ആർ തയ്യാറാക്കിയതിന് ശേഷം റെയിൽവേ മേൽപ്പാല നിർമ്മാണതിന് ആവശ്യമായ ബാക്കി തുക എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് കണ്ടെത്തണം. ജനങ്ങളുടെ പൊതുവായ ആവശ്യം മുൻനിറുത്തി ഇതിനായി ഫണ്ട് നൽകാൻ ജനപ്രതിനിധികളും സമ്മതം അറിയിച്ചിട്ടുണ്ട്.
കേരള കൗമുദി വാർത്ത തുണയായി
നിലവിൽ കാര്യറ സ്വദേശികൾക്ക് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരാൻ പുനലൂർ വഴിയോ പനമ്പറ്റ വഴിയോ പത്തിലേറെ കിലോമീറ്റർ ചുറ്റി വേണം സഞ്ചരിക്കാൻ. പ്രദേശവാസികളുടെ ചിരകാല ആവശ്യമായ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ദൂരവും സമയവും പകുതിയായി കുറയും. കാര്യറ നിവാസികളുടെ യാത്രാ ദുതിരവും റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നതും ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് വേഗത്തിൽ നൽകാൻ തീരുമാനമായത്.