കരുനാഗപ്പള്ളി: പന്നിത്തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോട്ടിലെ തടയണകൾ ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചു നീക്കിത്തുടങ്ങി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ രണ്ട് തടയണകൾ കഴിഞ്ഞ ദിവസമാണ് പൊളിച്ചുനീക്കിയത്. പന്നിത്തോട്ടിലെ അഞ്ച് തടയണകളിൽ അവശേഷിക്കുന്നവ കൂടി അധികം താമസിയാതെ പൊളിച്ചുകളയുമെന്ന് അധികൃതർ പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിന് സമീപത്തെ ടി.എസ് കനാലിൽ നിന്ന് ആരംഭിക്കുന്ന പന്നിത്തോട് 2, 3, 4,18 വാർഡുകളിലൂടെ ഒഴുകി ആറാം വാർഡിൽ പ്രവേശിച്ച് തഴത്തോട്ടിലാണ് അവസാനിക്കുന്നത്. രാജഭരണ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് പന്നിത്തോട് നിർമ്മിച്ചതെന്ന് പഴമക്കാർ പറയുന്നു. ടി.എസ്.കനാലിൽ നിന്ന് ഉപ്പ് വെള്ളം കയറി പാടശേഖരങ്ങളിലെ കൃഷി നശിക്കാതിരിക്കാനാണ് തോട്ടിൽ തടയണകൾ നിർമ്മിച്ചത്. കൃഷിക്ക് വെള്ളം ആവശ്യമുള്ളപ്പോൾ തടയണയിലെ ചീപ്പ് തുറന്ന് കായൽ വെള്ളം പാടത്തിലേക്ക് കയറ്റും. എന്നാൽ, വേലിയേറ്റക്കാലത്ത് ഉപ്പു വെള്ളം പാടത്ത് കയറാതിരിക്കാൻ ചീപ്പ് അടച്ച് തടയുകയും ചെയ്യും. നെൽകൃതി ഇല്ലാതായതോടെ അണകൾ നോക്കുകുത്തിയായി.
കൃഷി മറഞ്ഞു,
മാലിന്യം നിറഞ്ഞു
കരുനാഗപ്പള്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പാടശേഖരങ്ങളുള്ളത് കുലശേഖരപുരം പഞ്ചായത്തിലാണ്. നെൽകൃഷി അന്യംനിന്നതോടെ പന്നിത്തോടിന്റെ ശനിദശയും തുടങ്ങി. തോടിന്റെ ഇരുവശത്തെയും താമസക്കാർ തോട് കൈയേറുകയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം
തോട്ടിലേക്ക് വലിച്ചെറിയുന്നത് പതിവാക്കുകയും ചെയ്തു. ഇതോടെ തോടിന്റെ നീരൊഴുക്ക് നിലയ്ക്കുകയും മഴക്കാലത്ത് പരിസരപ്രദേശങ്ങൾ വെള്ളക്കെട്ടായി മാറുകയും ചെയ്തു. ഇതോടെയാണ് തടയണകൾ പൊളിച്ചു നീക്കണമെന്ന
ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. ഇതേ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ രണ്ടാം വാർഡിലെ തടയണകൾ പൊളിച്ചു നീക്കിയത്. പന്നിത്തോട്ടിലെ കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. തോടിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനൊപ്പം ആഴം കൂട്ടണമെന്ന ആവശ്യവും നാട്ടുകാർക്കുണ്ട്.