thira

കൊല്ലം: കൊല്ലം ബീച്ചിൽ 15 മിനിറ്റിന്റെ ഇടവേളയിൽ തിരയിൽപ്പെട്ടത്​ രണ്ട്​ കുടുംബത്തിലെ 11 പേർ. ലൈഫ്​ഗാർഡുമാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ തലനാരിഴക്കാണ്​ ഇവർ രക്ഷപെട്ടത്​.

വെള്ളിയാഴ്ച വൈകിട്ട്​ ആറോടെ ബീച്ചിന്റെ വടക്ക്​ ലിങ്ക്​ റോഡ്​ ചേരുന്ന ഭാഗത്താണ്​​ രണ്ട്​ അപകടങ്ങളുമുണ്ടായത്​. ആദ്യം കുട്ടികളുൾപ്പെടുന്ന ഏഴംഗ കുടുംബമാണ്​ കടലിൽ അകപ്പെട്ടത്​. ലൈഫ്​ ഗാർഡുകളും നാട്ടുകാരും ചേർന്ന്​ ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇവരെ കരയിലെത്തിച്ചു. ഒരു കുട്ടിക്ക്​ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന്​ ആംബുലൻസ്​ എത്തിച്ച്​ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. ഈസ്റ്റ്​ ​പൊലീസും സ്ഥലത്തെത്തി. ലൈഫ്​ഗാർഡുമാർക്ക്​ നനഞ്ഞ വസ്ത്രം മാറാൻ സമയം കിട്ടുന്നതിന്​ മുമ്പാണ്​ അതേ സ്ഥലത്ത്​ കുട്ടികളുൾപ്പെടുന്ന നാലംഗ കുടുംബം തിരയിൽപെട്ടത്​. ഞൊടിയിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ഇവരെയും രക്ഷപെടുത്താനായി. ഏതാനും ദിവസങ്ങളായി ശക്തമായ തിരയാണ്​ ബീച്ചിൽ അനുഭവപ്പെടുന്നത്​. ലൈഫ്​ഗാർഡുമാരായ എം.കെ. ​പൊന്നപ്പൻ, എസ്​. അനിൽകുമാർ, അജി എന്നിവരാണ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​.