കൊല്ലം: യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷിതത്വമില്ലാത്ത ഏഴ് പ്ളാറ്റ് ഫോമുകളുള്ള കൊല്ലം റെയിൽവേ സ്റ്റേഷനിൽ സി.സി.ടി.വി കാമറകൾ ഒരുവർഷമായി കണ്ണടച്ചുറങ്ങുന്നത് കൂനിൻമേൽ കുരുവായി. സ്റ്റേഷൻ കേന്ദ്രീകരിച്ച് അക്രമങ്ങളും മോഷണങ്ങളും ലഹരി വസ്തുക്കളുടെ കൈമാറ്റവും സജീവമായിട്ടും കാമറകൾ ഇതൊന്നും കാണുന്നേയില്ല.
നാളുകൾക്കു മുമ്പ് സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചേഴ്സ് സർവീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്ര രത്നു കാമറകൾ നന്നാക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. നാലു വശവും തുറന്നു കിടക്കുന്ന സ്റ്റേഷനാണ് കൊല്ലം. ആർക്കും ഒരു പരിശോധനയും ഇല്ലാതെ സ്റ്റേഷനിൽ പ്രവേശിക്കാം. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളം കൂടിയാണിവിടം. രാത്രിയായാൽ പ്ലാറ്റ് ഫോമുകളിൽ പലേടത്തും വെളിച്ചമുണ്ടാകില്ല. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ പാതകളും തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ചെങ്കോട്ട പാതയും സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് കൊല്ലം. മോഷണ സംഘങ്ങളെയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും നിരന്തരം ഇവിടെ നിന്ന് പിടികൂടുന്നുണ്ട്.
നിർദേശങ്ങൾ ആവിയായി
കൊല്ലം- ചെങ്കോട്ട പാസഞ്ചർ ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതെ പോയത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. തുടർന്ന് സുരക്ഷ ശക്തമാക്കാൻ റെയിൽവേയും റെയിൽവേ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സും കർശന നിർദേശം നൽകിയിട്ടും സുരക്ഷയിൽ പ്രധാന പങ്കുവഹിക്കേണ്ട സി.സി.ടി.വിയുടെ കാര്യത്തിൽ മാത്രം നടപടിയില്ല.
.....................................
ആകെ പ്ലാറ്റ്‌ഫോമുകൾ ആകെ: 7
വേണ്ടത്: 60 കാമറകൾ
സ്ഥാപിച്ചത്: 18 എണ്ണം
ഒന്നുപോലും പ്രവർത്തിക്കുന്നില്ല
ഉപയോഗിച്ചത്: നിർഭയ ഫണ്ട് .
.......................................
കാമറകൾ ആർ.പി.എഫിന് കൈമാറിയിട്ടില്ല. അവ്യക്തമായ ചിത്രങ്ങളാണ് പതിയുന്നത്. ഇവ പലപ്പോഴും അന്വേഷണത്തെ സഹായിക്കുന്നുമില്ല.പഴയതു മാറ്റി പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സംരക്ഷണസേന തിരുവനന്തപുരം ഡിവിഷൻ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർക്കും സെക്യൂരിറ്റീസ് കമാണ്ടന്റിനും കത്തുകൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല
പാസഞ്ചേഴ്സ് അസോസിയേഷൻ