കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനായി 'ചങ്ങാതി' പദ്ധതി കൊട്ടാരക്കരയിലും. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കര നഗരപരിധിയിൽ ഇപ്പോൾ താമസിച്ച് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി പഠിപ്പിക്കും. ടൗണിന്റെ പരിസരത്തായി മാത്രം അഞ്ഞൂറുപേർ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. സർവെ നടത്തി കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം ഈ മാസം10ന് ക്ളാസുകൾ തുടങ്ങും. മൂന്ന് മാസംകൊണ്ട് 100 മണിക്കൂർ ക്ളാസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവരെ പഠിപ്പിക്കാനായി പ്രത്യേക പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവുമുള്ള ബിരുദധാരികൾക്ക് സാക്ഷരാ മിഷൻ വേണ്ട പരിശീലനം നൽകിയാണ് പരിശീലകരായി നിയോഗിക്കുന്നത്. നേരത്തെ മയ്യനാട് ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു.

പുസ്തകം : ഹമാരി മലയാളം

ഹിന്ദിയും മലയാളവും ചേർന്നുള്ള പഠനപ്രക്രിയയ്ക്കായി 'ഹമാരി മലയാളം' എന്ന പേരിൽ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. പഠിതാക്കൾക്ക് പുസ്തകം നൽകും. ക്ളാസുകൾ പൂർത്തിയാക്കിയ ശേഷം മികവുത്സവം എന്ന പേരിൽ പരീക്ഷ നടത്തിയാണ് കോഴ്സ് അവസാനിപ്പിക്കുക. തുടർന്ന് സാക്ഷരതാ മിഷന്റെ നാലാംതരം, ഏഴാംതരം, പത്താംതരം, പ്ളസ് ടു പരീക്ഷകൾ എഴുതാൻ താത്പര്യമുള്ളവർക്ക് അതിനുള്ള പരിശീലനവും നൽകും.

സർവേ ഇന്ന് തുടങ്ങും

കൊട്ടാരക്കര നഗരസഭയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഇന്ന് തുടങ്ങും. രാവിലെ 9ന് മുസ്ളീം സ്ട്രീറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനാകും.

ഇതര സംസ്ഥാന തൊഴിലാളികളെ കേരളീയ രീതികളുമായി പൊരുത്തപ്പെടുത്താനും ഭക്ഷണ ശീലത്തിലും ശുചിത്വത്തിലുമടക്കം ബോധവത്കരണം നടത്തുന്നതിനുമൊക്കെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സി.കെ.പ്രദീപ് കുമാർ, ജില്ലാ കോ- ഓർഡിനേറ്റർ, സാക്ഷരതാ മിഷൻ

"