പടിഞ്ഞാറേകല്ലട : സംസ്ഥാനപാതയായ ചവറ - അടൂർ റൂട്ടിൽ കാരാളി, തോപ്പിൽ മുക്കുകൾക്കിടയിലെ യാത്ര അത്യന്തം ദുഷ്ക്കരമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ വഴിയിലെ കുഴികളാണ് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നത്.
കൊടുംവളവ് കൂടിയായ സ്ഥലത്തേയ്ക്ക് വേഗതയിലെത്തുന്ന വാഹനങ്ങൾ തൊട്ടുമുമ്പിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുന്നത് പതിവാണ്. കൂടാതെ, മഴവെള്ളം കെട്ടിക്കിടക്കുന്നത് കാരണം കുഴിയറിയാതെ രാത്രിയിൽ വാഹനങ്ങൾ വന്നുവീഴുന്നതും നിത്യസംഭവമാണ്. ഇത് മാസങ്ങളായി തുടർന്നിട്ടും അധികൃതർക്ക് അറിഞ്ഞമട്ടില്ല എന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്ന കാര്യം.
അപകടകരമായ കുഴികൾ നികത്തി വാഹനാപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് അവരുടെ ആവശ്യം.
......................................................................................
റോഡിൽ കുഴിയുണ്ടെന്ന യാതൊരു മുന്നറിയിപ്പും ഇവിടെ സ്ഥാപിച്ചിട്ടില്ല. റോഡ് അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി കുഴികൾ നികത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ടിബിൻ തോമസ്,
ഇടനേരം റസ്റ്റോറന്റ്,
കാരാളി ജംഗ്ഷൻ.
രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്തത് കാരണം ഡ്രൈവർമാർക്ക് കുഴികൾ കാണാൻ കഴിയാത്ത അവസ്ഥയുണ്ട്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കുകയാണ് വേണ്ടത്.
മുത്തിലീഫ്,
മുല്ലമംഗലം സ്റ്റോഴ്സ്,
കാരാളിമുക്ക്.