
'നാനൃഷി കവി" എന്ന ചൊല്ലിന് ഋഷിയല്ലാത്തവൻ കവിയല്ല എന്നർത്ഥം. ദീർഘദർശിത്വമാണ് ഋഷിലക്ഷണം. മഹാകവി കുമാരനാശാനിൽ ഇത് കാണാം. കാലാതിവർത്തിയായ ദർശനങ്ങളെ കവിതയിലൂടെ സമൂഹമനസിൽ സന്നിവേശിപ്പിച്ചതുകൊണ്ടാണ് ഇന്നും ആശാൻ കവിതകൾ ചർച്ചാവിഷയവും മാർഗദീപവുമാകുന്നത്.
'ചിന്താവിഷ്ടയായ സീത" യുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ആ കൃതിയെപ്പറ്റി നടന്ന ചർച്ചകൾ ഉദാഹരണമാണ്. നൂറ്റാണ്ടിനിപ്പുറവും ഒരു കൃതി ചർച്ച ചെയ്യപ്പെടുന്നത് അതിന്റെ മേന്മയെയും കാലിക പ്രസക്തിയും സൂചിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദേവനുമായുള്ള ആത്മബന്ധവും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്നതും ആശാനിലെ വേദാന്തചിന്തകളെ ഉണർത്തി. ശൃംഗാര രസത്തിൽ നിന്ന് ആശാൻകവിതയെ ലോകവീക്ഷണത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഗുരുവാണ്. 'കുമാരനെ നമുക്ക് വേണം" എന്നു പറഞ്ഞ് അദ്ദേഹത്തെ കൂടെക്കൂട്ടിയ ഗുരു ആശാന്റെ വ്യക്തിപ്രഭാവത്തെ തെളിയിച്ചെടുത്തു.
എന്നാൽ കുമാരൻ
നമുക്കിരിക്കട്ടെ
കായിക്കര കടൽത്തീരത്തും ശ്രീ കപാലേശ്വരം ക്ഷേത്രത്തിലുമൊക്കെ ശ്രീനാരായണ ഗുരു സന്ദർശനം നടത്താറുണ്ടായിരുന്നു. അപ്പോൾ തന്നെ കാണാനെത്തുന്ന നാട്ടുകാരോട് ഗരു കുശലാന്വേഷണം നടത്തും. അത്തരമൊരു സന്ദർശനവേളയിൽ ഗുരുവിനെ കാണാനെത്തിയവരിൽ തൊമ്മൻവിളാകത്ത് പെരുങ്കുഴി നാരായണനെന്ന ഗുരുഭക്തനും ഉണ്ടായിരുന്നു. കുശലം പറയുന്ന കൂട്ടത്തിൽ നാരായണനോടും ഗുരു ക്ഷേമാന്വേഷണം നടത്തി. ക്ഷണപ്രകാരം നാരായണന്റെ ഭവനത്തിലെത്തിയ ഗുരുവിനെ കാണാൻ പരിസരവാസികളും എത്തിയിരുന്നു.
നാരായണന്റെ മകൻ കുമാരൻ രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ഗുരുവിന്റെ വരവറിഞ്ഞ് ഉമ്മറത്തേക്ക് വന്ന് കുമാരൻ അദ്ദേഹത്തെ നമസ്കരിച്ചു. കുമാരന്റെ മുഖത്തെ പ്രസന്നത ഗുരുവിനെ ആകർഷിച്ചു. പേരുവിവരങ്ങൾ ചോദിച്ചപ്പോൾ അയൽക്കാരിൽ ഒരാൾ കുമാരന്റെ കവിതാ വാസനയെപ്പറ്റി പറഞ്ഞു. അങ്ങനെയെങ്കിൽ ഒരു കവിത വായിക്കാനായി ഗുരുവചനം. കുമാരൻ വള്ളീവിലാസം എന്ന അമ്മാനപ്പാട്ട് ചൊല്ലിക്കേൾപ്പിച്ചു. അതിലെ കാവ്യഗുണം കണ്ട് കുമാരനിൽ കവിത തെളിയുമെന്ന് ഗുരു അനുഗ്രഹിച്ചു. ഗുരുവരുൾ കേട്ട് കുമാരന്റെ കണ്ണു നിറഞ്ഞു. അപ്പോൾ ഗുരു ചോദിച്ചു. ''കുമാരൻ നമ്മോടൊത്ത് വരുന്നുണ്ടോ?"" ഉണ്ടെന്ന് മറുപടി. അപ്പോൾ നാരായണനോട് ഗുരുദേവൻ പറഞ്ഞു; ''എന്നാൽ കുമാരൻ നമുക്കിരിക്കട്ടെ.""
കുമാരനാശാന്റെ കാവ്യജീവിതത്തിലെ പ്രധാന ഘട്ടം തുടങ്ങുന്നത് 1907ൽ വീണപൂവിന്റെ രചനയോടെയാണ്. മൂർക്കോത്ത് കുമാരന്റെ മിതവാദിയിലാണ് 'വീണപൂവ് "ആദ്യമായി അച്ചടിച്ചത്. പിന്നീട് സി.എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ അവതാരികയോടു കൂടി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തി. വീണപൂവ് ശ്രദ്ധേയമായി. കവിയെന്ന നിലയിൽ ആശാൻ പരക്കെ അംഗീകരിക്കപ്പെട്ടു. അതു വരെയുള്ള രചനാരീതിയെ പുതുക്കിപ്പണിയുകയാണ് ഈ ഖണ്ഡകാവ്യത്തിലൂടെ ആശാൻ ചെയ്തത്. പുരാതന വിഷയങ്ങളും സങ്കേതങ്ങളും ഉപയോഗിച്ചുള്ള രചനയ്ക്കും പ്രബന്ധങ്ങൾക്കും പാട്ടുകൾക്കും പകരം പുതിയ വിഷയവും പുതുരീതിയും സങ്കേതവും ഉപയോഗിച്ച് എഴുതപ്പെട്ട വീണപൂവ് ഒരു പുതിയ കാവ്യസരണി വെട്ടിത്തുറന്നുവെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയാള സാഹിത്യത്തിൽ അത്തരമൊരു വിപ്ലവം കൊണ്ടുവരാൻ അവർണ്ണരെന്ന് മുദ്ര കുത്തപ്പെട്ടവരിൽ നിന്നൊരാൾ വേണ്ടിവന്നുവെന്നും ഇ.എം.എസ് നിരീക്ഷിച്ചിട്ടുണ്ട്.
വീണപൂവും പാലക്കാടും
ഗുരുവിൽ നിന്ന് ലഭിച്ച വേദാന്തവീക്ഷണങ്ങളും തത്വവിചാരങ്ങളും വീണപൂവിൽ പ്രകടമാണ്. നശ്വരമായ പ്രപഞ്ചത്തെക്കുറിച്ചുള്ള കാവ്യവിചാരമാണ് വീണപൂവിലുള്ളത്. ഗുരുവിന്റെ ഉദരരോഗ ചികിത്സയുമായി ബന്ധപ്പെട്ട് കുമാരനാശാൻ പാലക്കാട്ട് താമസിച്ചപ്പോഴാണ് വീണപൂവിന്റെ ഹാ പുഷ്പമേ!... എന്നു തുടങ്ങുന്ന ആദ്യ ശ്ളോകം രചിക്കപ്പെട്ടത്. കെ. കൃഷ്ണനായിരുന്നു ഗുരുവിന്റെ ഡോക്ടർ. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഗുരു ആയുർവേദ ചികിത്സയും തേടിയിരുന്നതായാണ് ചരിത്രം. പാലക്കാട് ടൗണിനടുത്താണ് ജൈനമേട് (ജയിനിമേട്). ധാരാളം ജൈനമതക്കാർ തിങ്ങിപ്പാർത്തിരുന്ന സ്ഥലമായതു കൊണ്ടാണ് ആ പേരു വന്നത്. കുമാരനാശാന്റെ സുഹൃത്തായിരുന്ന വി.സി. വിജയചന്ദ്ര ജയിനിന്റെ (വി.സി.വി ജെയിൻ) വീട് ഇവിടെയായിരുന്നു. അതിഥിയായി മൂന്നു ദിവസം ഇവിടെ താമസിച്ചിരുന്നപ്പോഴായിരുന്നു.
'ഹാ! പുഷ്പമേ, അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര അസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ"
എന്ന വീണപൂവിലെ ആദ്യ ശ്ളോകം ജയിനിന്റെ ഡയറിയിൽ കുറിച്ചത്. ഡോ.പൽപ്പു, ടി.എം നായർ തുടങ്ങിയവരുമായും വിജയചന്ദ്ര ജയിനിന് ബന്ധമുണ്ടായിരുന്നുവത്രെ. കുമാരനാശാന് വിജയചന്ദ്ര ജയിൻ ചില സംസ്കൃത ഗ്രന്ഥങ്ങൾ കൊടുത്തിരുന്നതായി മുകളിൽ പറഞ്ഞ ശ്ലോകം എഴുതിയ ഡയറിയിൽ ആശാൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖ പതിനെട്ടാംകണ്ടം വൈദ്യശാലയുടെ, സ്മരണികയിൽ ഉൾപ്പെടുത്തിയിരുന്നു. പതിനെട്ടാംകണ്ടത്തിൽ വൈദ്യശാലയിലെ ഗോപാല വൈദ്യരും ഗുരുദേവനെ ചികിത്സിച്ചിട്ടുള്ളതായി സ്മരണികയിലുണ്ട്. ഗുരുവിന്റെ ഉദരരോഗത്തെപ്പറ്റി ആശാൻ വിജയചന്ദ്ര ജയിനിനോട് പറഞ്ഞപ്പോൾ ഡോക്ടർ കെ. കൃഷ്ണന്റെ ചികിത്സ തേടാൻ നിർദ്ദേശിച്ചത് അദ്ദേഹമായിരുന്നുവത്രെ.
തുടർന്ന് ഗുരു ഡോ. കൃഷ്ണന്റെയും ഗോപാല വൈദ്യരുടെയും ചികിത്സ തേടിയിരുന്നു. പാലക്കാട് മാണിക്യപട്ടണത്തിൽ (ജയിനിമേട്) 1083 വൃശ്ചികത്തിൽ എന്റെ മാന്യ സുഹൃത്ത് വി.സി.വി ജൈനന്റെ വീട്ടിൽ എന്റെ ഗുരുവൊന്നിച്ച് താമസിച്ച കാലത്ത് പന്തലിൽ നിന്ന് താഴത്തു വീണു കിടന്നിരുന്ന സുഗന്ധവാഹിനിയായ മുല്ലപ്പൂവിനെക്കണ്ട് മനം നൊന്ത് എഴുതിയത് എന്ന ആമുഖത്തോടെയാണ് ഹാ പുഷ്പമേ... എന്ന ശ്ലോകം കുറിച്ചിരുന്നത്. 'സിദ്ധാലകൗമുദി" തുടങ്ങിയ വിലയേറിയ സംസ്കൃത ഗ്രന്ഥങ്ങൾ തന്ന് എന്നെ സഹായിച്ച താങ്കൾക്ക് സർവ മംഗളങ്ങളും നേരുന്നുവെന്നും എൻ.കെ കുമാരൻ എന്ന ചുരുക്കപ്പേരിൽ അദ്ദേഹം എഴുതിയിട്ടുള്ളതായി കാണുന്നു. ആശാന്റെ കൈപ്പടയുള്ള ഈ പുസ്തകം വിജയചന്ദ്ര ജയിൻ നിധിപോലെ സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ മകൻ ജിനരാജദാസിന്റെ മകൾ വസന്തകുമാരിയുടെ ഭർത്താവ് എസ്. രാജേന്ദ്രൻ പറയുന്നു.
ലോകജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വീണപൂവിൽ ആശാൻ പറയുന്നു;
'കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാൽ അവനിവാഴ് വു കിനാവു കഷ്ടം"
മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളും ആശാൻ കവിതയ്ക്ക് വിഷയമായി.
'നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു
പുല്ലല്ല സാധു പുലയൻ"
എന്നു പറയാൻ അദ്ദേഹത്തിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല. വ്യാമോഹവും അപരന്റെ സുഖവും തടയുന്ന ഈർഷ്യയാണ് ജാതിയെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത് മനുഷ്യരെ പിരിച്ച് ലോകം മുടിക്കുമെന്ന് ചണ്ഡാലഭിക്ഷുകിയിൽ അദ്ദേഹം പാടി. മനുഷ്യ സ്നേഹത്തിനു വേണ്ടി പാടിയ കവിയായതിനാൽ സ്നേഹഗായകൻ എന്ന് അറിയപ്പെട്ടു. ഖണ്ഡകാവ്യശാഖയെ ഉയർത്തി നവരീതി കൊണ്ടുവരികയും കവിതയെ സാമൂഹ്യ പരിഷ്കരണോപാധിയായി മാറ്റുകയും ചെയ്തു. ഗുരുവിന്റെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് കവിതയിലൂടെ പിന്തുണയും പ്രചാരവും നൽകുകയായിരുന്നു ആശാൻ. മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇന്നും ഏവരുടെയും നാവിൻ തുമ്പിലുള്ള
'സ്നേഹമാണഖില സാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം...
സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു"
എന്നീ വരികളിലുണ്ട്.
നളിനിയിൽ കാണുന്നതു പോലുള്ളൊരു 'യോഗി" ആശാനിലും ഉണ്ടായിരുന്നു. സുഖങ്ങളുടെ നശ്വരത അദ്ദേഹത്തെ അലട്ടിയിരുന്നു.
'ഹാ സുഖങ്ങൾ വെറും ജാലം
ആരറിവൂ നിയതി തൻ ത്രാസു പൊങ്ങുന്നതും
താനേ താണുപോവതും"
എന്നത് എക്കാലത്തെയും മനുഷ്യാനുഭവമാണ്.
മതത്തിന്റെ പേരിലുള്ള വിവേചനങ്ങൾ ഇന്ന് സാധാരണമായിരിക്കെ ആശാന്റെ കാഴ്ചപ്പാടിന് പ്രസക്തി വർദ്ധിക്കുകയാണ്. സൂര്യനെ നേരിട്ടു നോക്കിയാൽ പൊടിഞ്ഞു പോകുന്ന കണ്ണു കൊണ്ട് പ്രഭ കാണാനാവില്ല. അതുപോലെ മതമാകുന്ന പൂവിനെ കുത്തിച്ചതച്ചാൽ മണമോ മധുവോ കിട്ടില്ലെന്നാണ് ആശാന്റെ പക്ഷം. മതങ്ങളെ കീറിമുറിച്ചുള്ള കുത്തിച്ചതയ്ക്കലാണല്ലൊ നാമിന്ന് കാണുന്നത്. ഋഷിതുല്യമായ നിരീക്ഷണ പടുത്വമുള്ളതു കൊണ്ടാണ് ആശാൻ കവിതകൾ നിത്യഹരിതമായത്. പ്രണയത്തിന്റെ പേരിൽ കാമുകിയെ കൊല്ലുന്ന ഇന്നത്തെ രീതി കാണുമ്പോൾ പ്രേമമെന്ന വാക്കു കേൾക്കുമ്പോൾത്തന്നെ ഉള്ളിൽ ഭയം ജനിക്കുമെന്ന് കുമാരനാശാൻ പറഞ്ഞിട്ടുണ്ട്.
'പ്രേമമേ നിൻ പേരു കേട്ടാൽ പേടിയാം വഴിപിഴച്ച
കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ"
എന്ന കരുണയിലെ വരികൾ ഇന്നത്തെ കാലത്തിന് വേണ്ടി എഴുതിയതല്ലെന്ന് പറയാനാവില്ല. ആശാന്റെ നളിനിയും ലീലയും പോലുള്ള കൃതികൾ പഠിക്കുയും പഠിപ്പിക്കുകയും ചെയ്ത് സ്നേഹത്തിന്റെ സുഖത്തിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. ആസുരമായ ഈ കാലത്തെ മുമ്പേ കണ്ടതുകൊണ്ടാണ് ആശാന് കാലാതിവർത്തിയായ കവിതകളെഴുതാൻ കഴിഞ്ഞത്. അതിന് ഊടും പാവുമിട്ടതാവട്ടെ യോഗിതുല്യമായ മനസും.
(ലേഖകന്റെ ഫോൺ: 9946108346)