
തൃശൂർ: കാഷ്വൽ തൊഴിലാളികളുടെ ഒഴിവിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കാർഷിക സർവകലാശാലയ്ക്ക് മുന്നിലെ താത്കാലിക സ്ത്രീ തൊഴിലാളികളുടെ സമരം തുടങ്ങിയിട്ട് 175 ദിവസം. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും സർവകലാശാല അധികൃതർക്കും നിരവധി പരാതികൾ നൽകിയിട്ടും പ്രശ്‌നപരിഹാരമായില്ല.
തൊഴിലില്ലാത്തതിനാൽ പലരും കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാണ്. രണ്ട് പതിറ്റാണ്ടിലേറെയായി സർവകലാശാലയുടെ വിവിധ ഫാമുകളിൽ ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളാണ് ഇവർ. 2011ൽ നിയമിച്ച 100 പേരെ 2013ൽ സ്ഥിരപ്പെടുത്തി. ബാക്കിയുള്ള 100 പേരെക്കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ കേസ് കൊടുത്തു. 2013ൽ അനുകൂല വിധിയുണ്ടായിട്ടും നിയമനം നടക്കാതെ വന്നപ്പോൾ തൊഴിലാളികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
2016ൽ അനുകൂല വിധി വന്നിട്ടും ഫലമുണ്ടായില്ല. സർവകലാശാല സുപ്രീം കോടതിയിൽ അപ്പീൽ പോയി. ഈ കേസ് പിൻവലിച്ചാൽ ഒഴിവുള്ള തസ്തികകളിൽ തൊഴിലാളികളെ നിയമിക്കാം. എന്നാൽ അതിനുമില്ല, നടപടികൾ. ചർച്ചകൾ ഫലം കണ്ടതുമില്ല. 2021 ആഗസ്റ്റിൽ കാഷ്വൽ തൊഴിലാളി തസ്തികയിലേക്ക് നിയമനം നടന്നപ്പോൾ 40 പേരെയേ പരിഗണിച്ചുള്ളൂ. 62 പേരാണ് ഇപ്പോൾ സമരത്തിലുള്ളത്.
അബാർഡ് പദ്ധതി
2006ൽ തൃശൂർ കോർപറേഷനുമായി ചേർന്ന് രൂപീകരിച്ച പദ്ധതിയാണ് അബാർഡ് (അഗ്രോ ബയോ ടെക്‌നോളജി ഫോർ റൂറൽ എംപ്‌ളോയ്‌മെന്റ് ഡവലപ്‌മെന്റ്). 600 രൂപയാണ് കൂലി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പണി കിട്ടും. കാഷ്വൽ തൊഴിലാളികൾക്ക് കൂടുതൽ വേതനവും തൊഴിൽദിനങ്ങളും കിട്ടും.
സമരം ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ജനറൽ കൗൺസിൽ യോഗത്തിൽ ബഡ്ജറ്റ് അവതരണം തടഞ്ഞിരുന്നു. മന്ത്രിതലത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു തന്നതിന് ശേഷമാണ് യോഗം തുടർന്നത്. വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
പി.ആർ.സുരേഷ്ബാബു
ചെയർമാൻ, സമരസമിതി.