
തൃശൂർ : തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ ചെലവഴിച്ചതിൽ നിറം മങ്ങിയ പ്രകടനവുമായി ജില്ലാ പഞ്ചായത്തും കോർപറേഷനും. അതേസമയം നഗരസഭകളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ഗുരുവായൂരിന് നേടാനായതും മൊത്തം പഞ്ചായത്തുകളുടെ പ്രകടനത്തിൽ ജില്ലയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതും മികവായി.
കഴിഞ്ഞ ആഴ്ച്ച വരെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ജില്ലാ പഞ്ചായത്ത് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പത്താം സ്ഥാനത്തേക്കിറങ്ങി. ഫണ്ട് ലാപ്സാകുന്നതിലൂടെ കോടികളുടെ നഷ്ടം ജില്ലാ പഞ്ചായത്തിന് ഉണ്ടാവും.
ഈ സാമ്പത്തിക വർഷത്തിൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതികൾക്ക് പണം നീക്കിവയ്‌ക്കേണ്ടി വരുന്നത് പുതിയ പദ്ധതികളുടെ പൂർത്തീകരണത്തിന് തടസവും സൃഷ്ടിക്കും. പദ്ധതി വിഹിതം 72.82 ശതമാനം ചെലവഴിച്ച തൃശൂർ കോർപറേഷൻ അവസാന സ്ഥാനത്താണ്. കൊല്ലം കോർപറേഷനാണ് ഒന്നാം സ്ഥാനത്ത് (96.72 %). പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനമാണ് പിറകോട്ടുപോക്കിന് കാരണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. അതോടൊപ്പം കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലും വിജയം കൈവരിക്കാനായില്ല. ജില്ലയ്ക്ക് 76.86 ശതമാനം ഫണ്ട് മാത്രമാണ് ചെലവഴിക്കാനായത്. 86 പഞ്ചായത്തുകൾ 94.81 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയത്.
ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം ചെലവഴിച്ചത്
(ആദ്യ പത്ത് സ്ഥാനം)
വയനാട് 98.96
കണ്ണൂർ 88.63
കാസർകോട് 87.58
തിരുവനന്തപുരം 85.20
കോട്ടയം 83.18
എറണാകുളം 80.48
മലപ്പുറം 78.44
പത്തനംതിട്ട 78.08
പാലക്കാട് 76.96
തൃശൂർ 76.86
പഞ്ചായത്തുകളിൽ 2ാം സ്ഥാനം
മൊത്തം പഞ്ചായത്തുകളുടെ പ്രകടനത്തിൽ ജില്ലയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം. 30 പഞ്ചായത്തുകൾ 100 ശതമാനം കടന്നു. പഞ്ചായത്തുകളിൽ പോർക്കുളം (111%), അവണൂർ (110.53%), പൂമംഗലം, പൊയ്യ തുടങ്ങിയ പഞ്ചായത്തുകളാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചത്. പോർക്കുളം 19ാം സ്ഥാനത്താണ്. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ തൃശൂരിൽ നിന്ന് ആദ്യ പത്തിൽ ഒറ്റ ബ്ലോക്ക് പഞ്ചായത്തും ഇടം പിടിച്ചില്ല. 16 ബ്ളോക്ക് പഞ്ചായത്തുകളിൽ ചൊവ്വന്നൂർ പതിനഞ്ചാം സ്ഥാനത്തെത്തി (102.64%).
നഗരസഭകൾ മിന്നി
നഗരസഭകളിൽ ഒന്നും രണ്ടും സ്ഥാനം ജില്ലയ്ക്ക്. ഗുരുവായൂർ 112.08 ശതമാനത്തോടെ ഒന്നാമതെത്തി. 105.84 ശതമാനത്തോടെ കൊടുങ്ങല്ലൂർ രണ്ടാമതെത്തി. ചാവക്കാട് (100.69), ചാലക്കുടി (100.10) ശതമാനവും ചെലവഴിച്ച് ഒമ്പതും പത്തും സ്ഥാനത്തെത്തി. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകൾ 90 ശതമാനത്തിന് മുകളിൽ ചെലവഴിച്ചു.
കൂട്ടായ പരിശ്രമത്തിലൂടെയേ പദ്ധതിവിഹിതം പൂർണ്ണമായി ചെലവഴിക്കാനാകൂ. വലിയ ജില്ലയായതിനാൽ അതിനനുസരിച്ച് കൂടുതൽ ഫണ്ട് ലഭിക്കും. എൻജിനിയറിംഗ് വിഭാഗത്തിൽ പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗത്തിൽ വന്ന ചില വീഴ്ച്ചകൾ തിരിച്ചടിയായി.
പി.കെ.ഡേവിസ് മാസ്റ്റർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്