
തൃശൂർ : കൊവിഡ് ബാധ കുറഞ്ഞതോടെ കൊവിഡ് ചികിത്സാ സൗകര്യം പരിമിതപ്പെടുത്തി മെഡിക്കൽ കോളേജ്, മറ്റ് രോഗികൾക്കുള്ള ചികിത്സാ സൗകര്യം വിപുലപ്പെടുത്തുന്നു. നിലവിൽ ആറ് പേരാണ് കൊവിഡ് രോഗവുമായി ചികിത്സയിലുള്ളത്. ഇതിലൊരാളാണ് ഐ.സി.യുവിലുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി മെഡിക്കൽ കോളേജിലെ വലിയൊരു ഭാഗം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് നീക്കിവെച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കുറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും പരിശോധനകളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞതോടെ ചികിത്സ പരിമിതപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് മറ്റ് ചികിത്സയ്‌ക്കെത്തുന്നവർക്ക് ഗുണപ്രദമാകും. കൊവിഡിനെ തുടർന്ന് ജനറൽ, ഓർത്തോ, ന്യൂറോ വിഭാഗങ്ങളിലെല്ലാം പരിമിതമായ ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്.
കൊവിഡിൽ മാറ്റം ഇങ്ങനെ
കൊവിഡ് വിപുലസംവിധാനങ്ങൾ പരിമിതപ്പെടുത്തും.
ഗുരുതരാവസ്ഥയിലുള്ളവരെ നേരിട്ട് വാർഡ് 11ൽ പ്രവേശിപ്പിക്കും
സ്വാപ് സെന്റർ താത്കാലികമായി പ്രവർത്തിക്കില്ല
സ്വാപ് ടെസ്റ്റ് ആവശ്യമുള്ളവരെ, തീവ്രപരിചരണ വിഭാഗത്തിലെത്തിക്കണം
കൊവിഡ് രോഗികൾക്ക് വാർഡ്, ഐ.സി.യു, കാഷ്വാലിറ്റി എന്നിവിടങ്ങളിൽ അതാത് യൂണിറ്റുകൾ രോഗീപരിചരണം നൽകണം
കൊവിഡ് രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒരു തിയേറ്റർ
വാർഡ് 15 ശസ്ത്രക്രിയാനന്തര വാർഡ്.