tourism

തൃശൂർ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായി അപേക്ഷ നൽകാനുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് യഥാസമയം നൽകാത്ത ഡി.ടി.പി.സി സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ടൂറിസം ഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്. കുന്നംകുളം സ്വദേശി അനിത്ത് ഷേറു ചുങ്കത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ടൂറിസം ഡയറക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. അപേക്ഷകൻ താത്കാലിക ജീവനക്കാരനായിരുന്നത് കാരണം നിയമനം സംബന്ധിച്ച രേഖകൾ ലഭ്യമായിരുന്നില്ലെന്നും മന:പൂർവമുള്ള വീഴ്ച സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2021 സെപ്തംബർ 15 ന് ഡി.ടി.പി.സി പരാതിക്കാരന് നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കമ്മിഷൻ പരിശോധിച്ചു. പരാതിക്കാരൻ 2021 സെപ്റ്റംബർ 6 നാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. സെപ്തംബർ 14 നായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇക്കാര്യം സെക്രട്ടറിക്ക് അറിയാമായിരുന്നിട്ടും 15 ന് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയത് അപരാധമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.