ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ഇന്ദിര ഗാന്ധി ടൗൺഹാളിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഓൺലൈനിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകും.
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് അഴുക്കുചാൽ പദ്ധതി യാഥാർത്ഥ്യമാകുന്നത്. നാലര പതിറ്റാണ്ട് മുൻപ് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും സംസ്‌കരണശാല സ്ഥാപിക്കുന്നതിനെതിരെയുണ്ടായ സമരത്തെത്തുടർന്ന് പദ്ധതി നിറുത്തിവയ്ക്കുകയായിരുന്നു.
ആക്ഷൻ കൗൺസിൽ കൺവീനർ കെ.ജി. സുകുമാരൻ നടത്തിയ നിയമ പോരാട്ടത്തെത്തുടർന്ന് പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറായെങ്കിലും പല കാരണങ്ങളാൽ വൈകുകയായിരുന്നു. വീണ്ടും ഒടുവിൽ എല്ലാ പണികളും തീർത്ത് 2021 നവംബർ 16ന് കമ്മിഷൻ ചെയ്തു.
പൈപ്പിടാനായി കുഴിച്ച ഔട്ടർ റിംഗ് റോഡിന്റെ നവീകരണം പൂർത്തിയായി വരുന്നുണ്ട്. ചക്കംകണ്ടത്ത് സ്ഥാപിച്ച മൂന്ന് ദശലക്ഷം ലിറ്റർ ശേഷിയുള്ള മാലിന്യ സംസ്‌കരണശാല, മൂന്ന് സംഭരണ കിണർ, മൂന്ന് പമ്പ് ഹൗസ്, 7.34 കിലോമീറ്റർ സംഭരണ പൈപ്പ് ലൈൻ, ജനറേറ്ററുകൾ എന്നിവയടക്കം 13.23 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി ചെലവഴിച്ചത്.