പാവറട്ടി: തണ്ണീർക്കുടം പദ്ധതിപ്രകാരം എളവള്ളി പഞ്ചായത്തിലെ ആറാമത് പൊതുകിണറും നവീകരിച്ച് നാടിനു സമർപ്പിച്ചു. വാക മാലതി യു.പി സ്‌കൂൾ പരിസരത്താണ് കിണർ മോടി പിടിപ്പിച്ചത്. തണ്ണീർക്കുടം പദ്ധതിക്കായി പഞ്ചായത്ത് അഞ്ചുലക്ഷം രൂപയാണ് ആറ് കിണറുകൾക്കായി വകയിരുത്തിയത്.
മേശപ്പുറത്തു തുറന്നുവെച്ച ഗ്രന്ഥത്തിന്റെ മാതൃകയിൽ തണ്ണീർക്കുളം നിർമ്മിച്ചത് ശില്പി ചിറ്റാട്ടുകര സ്വദേശിയായ ജേക്കബ് ചെമ്മണ്ണൂരാണ്. പദ്ധതിപ്രകാരമുള്ള 6 കിണറുകളും അദ്ദേഹത്തിന്റെ കരവിരുതിലാണ് പൂർത്തിയാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി. മോഹനൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, രാജി മണികണ്ഠൻ, ഷാലി ചന്ദ്രശേഖരൻ, സൗമ്യ രതീഷ്, ശ്രീകുമാർ വാക എന്നിവർ പ്രസംഗിച്ചു.